ന്യൂഡല്‍ഹി: നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലെ പ്രമുഖ കോച്ചിങ് സ്ഥാപന ഉടമ ശിവരാജ് മൊട്ടേഗാവങ്കറിനെതിരെ സി ബി ഐ അന്വേഷണം ശക്തമാക്കി. എം സാര്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സുപരിചിതനായ മൊട്ടേഗാവങ്കറുടെ മൊബൈല്‍ ഫോണിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നീറ്റ്- ജെ ഇ ഇ പരിശീലന ശൃംഖലകളിലൊന്നായ രേണുകയ് കരിയര്‍ സെന്ററിന്റെ സ്ഥാപകനാണ് മൊട്ടേഗാവങ്കര്‍. പരീക്ഷയ്ക്ക് ഏകദേശം പത്ത് ദിവസം മുമ്പ് തന്നെ നീറ്റ്- യു ജി ചോദ്യപേപ്പറിലെ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കാമെന്നും വിവേക് പാട്ടീല്‍ ഉള്‍പ്പെടെയുള്ള ചിലര്‍ക്കു പകര്‍പ്പുകള്‍ കൈമാറിയിരിക്കാമെന്നുമാണ് സി ബി ഐയുടെ പ്രാഥമിക നിഗമനം.
ആര്‍ സി സി സംഘടിപ്പിച്ചെന്ന പേരില്‍ പ്രചരിച്ച ഒരു മോക്ക് ടെസ്റ്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അന്വേഷണം കൂടുതല്‍ ഗൗരവമായത്. യഥാര്‍ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യമുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി ലഭിച്ചോയെന്ന സംശയമാണ് അന്വേഷണത്തിന് വഴിവച്ചത്.
ആര്‍ സി സി ഓഫീസുകളുമായി ബന്ധപ്പെട്ട റെയ്ഡുകളില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഐപാഡുകള്‍, ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന നടത്തുകയാണ് സി ബി ഐ. ചോദ്യപേപ്പര്‍ എങ്ങനെ ലഭിച്ചു, എങ്ങനെ പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ആര്‍ സി സി പ്രതിവര്‍ഷം ഏകദേശം 40,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രസതന്ത്ര അധ്യാപകനായും വിദ്യാഭ്യാസ സംരംഭകനായും മൊട്ടേഗാവങ്കര്‍ പ്രശസ്തനാണ്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ചിലരുടെ സഹായത്തോടെയാണോ രഹസ്യ വിവരങ്ങള്‍ പുറത്തായത് എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു. ലാത്തൂരിലും പുണെയിലുമായി സി ബി. ഐ സംഘം മൊട്ടേഗാവങ്കറിനെ പലതവണ ചോദ്യം ചെയ്തതായാണ് വിവരം.
കേസില്‍ നേരത്തെ അറസ്റ്റിലായ ലാത്തൂരിലെ വിരമിച്ച രസതന്ത്ര പ്രൊഫസര്‍ പി വി കുല്‍ക്കര്‍ണിയിലേക്കും അന്വേഷണം നീളുന്നുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ടിരുന്ന കുല്‍ക്കര്‍ണി രസതന്ത്ര ചോദ്യങ്ങള്‍ ചോര്‍ത്താന്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
