ന്യൂഡൽഹി: ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് സിജെപി (CJP) നേതൃത്വം വീണ്ടും ആഹ്വാനം ചെയ്തു. പ്രതിഷേധത്തിനിടെ ചിലർ കല്ലേറിന് ശ്രമിച്ചപ്പോൾ പൊലീസ് വാഹനത്തിന് മുകളിൽ കയറി അത് തടയാൻ സന്നദ്ധപ്രവർത്തകൻ ജനങ്ങളോട് അഭ്യർഥിച്ചതും ശ്രദ്ധേയമായി.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കരുത് എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രക്ഷോഭം അവസാനിപ്പിക്കാൻ സിജെപി വീണ്ടും മുന്നോട്ടുവച്ചത്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വാർത്താസമ്മേളനത്തെ വിമർശിച്ച സിജെപി വക്താവ് സൗരവ് ദാസ്, 30 ദിവസത്തിലേറെയായി വിദ്യാർഥികൾ സമരത്തിലാണെന്നും രാഷ്ട്രീയം കളിക്കുന്നത് സർക്കാരാണെന്നും ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നത് ചർച്ച ചെയ്യാനാകാത്ത ആവശ്യമാണ്. അത് നടക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമായി സംസാരിച്ചതായും സമരം സമാധാനപരമായി തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും സൗരവ് ദാസ് പറഞ്ഞു. മുൻകാലങ്ങളിൽ ചില സമരങ്ങളിൽ സാമൂഹ്യവിരുദ്ധർ കടന്നുകയറി പ്രതിഷേധത്തെ അക്രമത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്നും വാങ്ചുക്ക് അഭ്യർഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നടൻ സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ചിത്രാംഗദ സിങ്ങും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. വലിയ സ്വപ്‌നങ്ങൾ കാണാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന ഒരു രാജ്യത്തിന് അവരുടെ സ്വപ്‌നങ്ങൾ പ്രതിസന്ധിയിലാകമ്പോൾ മൗനം പാലിക്കാനാകില്ലെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ കേൾക്കുകയും അവരുമായി സംവദിച്ച് പരിഹാരം കാണുകയും വേണമെന്നും വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും ചിത്രാംഗദ ആവശ്യപ്പെട്ടു.
വിദ്യാർഥി പ്രക്ഷോഭം സമാധാനപരമാകണം; ആഹ്വാനവുമായി സിജെപി, പിന്തുണയുമായി ചിത്രാംഗദ സിങ്
