എപ്സ്റ്റീനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് അന്വേഷണത്തിനിടെ മോഡൽ സ്‌കൗട്ട് ഫ്രാൻസിൽ മരിച്ചനിലയിൽ

എപ്സ്റ്റീനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് അന്വേഷണത്തിനിടെ മോഡൽ സ്‌കൗട്ട് ഫ്രാൻസിൽ മരിച്ചനിലയിൽ


പാരിസ്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്ന് യുവതികളെ കണ്ടെത്തി നൽകിയെന്ന ആരോപണം നേരിട്ടിരുന്ന മോഡൽ സ്‌കൗട്ട് ഡാനിയൽ സിയാദ് (69) ഫ്രാൻസിലെ പാരിസിന് സമീപത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് ആരോപണത്തിലും മറ്റ് ലൈംഗിക കുറ്റകൃത്യ ആരോപണങ്ങളിലും ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ സിയാദിനെതിരെ അന്വേഷണം നടത്തിവരികയായിരുന്നു. അയൽവാസിയുടെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടതെന്ന് സിയാദിന്റെ അഭിഭാഷക മെനിയ അറബ്ടിഗ്രിൻ അറിയിച്ചു. ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ രേഖകളിൽ സിയാദിന്റെ പേര് 2,000ത്തിലേറെ തവണ പരാമർശിക്കുന്നുണ്ട്. സ്വീഡൻ, കിഴക്കൻ യൂറോപ്പ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കണ്ടെത്തിയ യുവതികളെക്കുറിച്ച് എപ്സ്റ്റീനുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നതായും രേഖകളിൽ പറയുന്നു. 15 മുതൽ 17 വയസ്സ് വരെയുള്ള പെൺകുട്ടികളെക്കുറിച്ചുള്ള പരാമർശങ്ങളും ചില സന്ദേശങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.

ഈ വർഷം എപ്സ്റ്റീൻ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഫ്രാൻസിൽ നടന്നിരിക്കാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പുതിയ അന്വേഷണം ആരംഭിച്ചിരുന്നു. 2019ൽ ലൈംഗിക മനുഷ്യക്കടത്ത് കേസിൽ വിചാരണ കാത്തിരിക്കെ ന്യൂയോർക്കിലെ ജയിലിൽ എപ്സ്റ്റീൻ ആത്മഹത്യ ചെയ്തിരുന്നു.

അതേസമയം, എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും സിയാദ് നിഷേധിച്ചിരുന്നു. താൻ നിയമാനുസൃതമായ മോഡലിങ് തിരഞ്ഞെടുപ്പുകൾക്കായാണ് യുവതികളെ കണ്ടെത്തിയതെന്നും എപ്സ്റ്റീൻ തന്റെ വിശ്വാസം ദുരുപയോഗം ചെയ്തതാണെന്നും അദ്ദേഹം അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം തൊഴിൽപരമായതിൽ മാത്രമാണ് ഒതുങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ടിൽ 'അന്യ' എന്ന വ്യാജനാമത്തിൽ എത്തിയ ഒരു യുവതി, സിയാദാണ് തന്നെ എപ്സ്റ്റീനുമായി പരിചയപ്പെടുത്തിയതെന്നും തുടർന്ന് വർഷങ്ങളോളം ലൈംഗിക ചൂഷണത്തിനും മാനസിക പീഡനത്തിനും ഇരയായെന്നും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കിടെയാണ് സിയാദിന്റെ മരണം.