വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സൽമാൻ ഖാൻ; 'ഇത് സമാധാനപരമായ സമരമായിരുന്നു'

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സൽമാൻ ഖാൻ; 'ഇത് സമാധാനപരമായ സമരമായിരുന്നു'


മുംബൈ: വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ സൽമാൻ ഖാൻ. സമരം സമാധാനപരമായി ആരംഭിച്ചതായിരുന്നുവെന്നും അത് അക്രമത്തിലേക്ക് വഴിമാറിയതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. വിദ്യാർഥിയായിരിക്കെ താനും ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ചാണ് സൽമാൻ പ്രതികരിച്ചത്.

പ്രക്ഷോഭത്തിനിടെ പരിക്കേറ്റ വിദ്യാർഥികളോടും അവരുടെ കുടുംബങ്ങളോടും അനുഭാവം രേഖപ്പെടുത്തിയ സൽമാൻ, ചോദ്യപേപ്പർ ചോർച്ച അതീവ ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞു. മികച്ച വിദ്യാഭ്യാസ സംവിധാനത്തിനായി രാജ്യത്തെ വിദ്യാർഥികൾ ഒന്നിച്ചുനിൽക്കുന്നതും മാതാപിതാക്കൾ അവരെ പിന്തുണയ്ക്കുന്നതും പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസത്തോടുള്ള ആത്മാർഥതയും ഭാവി കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും ഈ തലമുറയെ രാജ്യത്തിന് അഭിമാനമാക്കുമെന്ന് സൽമാൻ അഭിപ്രായപ്പെട്ടു. സമാധാനപരമായി നടത്തിയ ഈ സമരം ധീരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളും വിദ്യാഭ്യാസ സംവിധാനവും തമ്മിലുള്ള വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ പ്രക്ഷോഭത്തിന്റെ മുഴുവൻ അംഗീകാരവും വിദ്യാർഥികൾക്കുതന്നെ ലഭിക്കണമെന്നും സൽമാൻ ആവശ്യപ്പെട്ടു. സർക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകി വിദ്യാഭ്യാസ സംവിധാനം കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം രാജ്യത്തെ പുതിയ പ്രവണതയായി മാറണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പഠനത്തിനായി ഇന്ത്യയിലേക്ക് എത്തുന്ന തരത്തിൽ രാജ്യം വിദ്യാഭ്യാസ ഹബ്ബായി വളരണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് സൽമാൻ കുറിച്ചു.

അതേസമയം, തിങ്കളാഴ്ച ഡൽഹിയിൽ നടന്ന വിദ്യാർഥി മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. പ്രതിഷേധക്കാർ വിലക്ക് ലംഘിച്ച് അക്രമാസക്തമായി പെരുമാറിയതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. എന്നാൽ സമാധാനപരമായ പ്രതിഷേധത്തിനുനേരെ പൊലീസ് വിവേചനരഹിതമായി ബലം പ്രയോഗിച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന വിഷയങ്ങൾ.