'ഇറാൻ വലിയ വില നൽകേണ്ടിവരും'; കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ഭൗതികശരീരം ഏറ്റുവാങ്ങി ട്രംപിന്റെ മുന്നറിയിപ്പ്

'ഇറാൻ വലിയ വില നൽകേണ്ടിവരും'; കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ ഭൗതികശരീരം ഏറ്റുവാങ്ങി ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നാല് അമേരിക്കൻ സൈനികരുടെ ഭൗതികശരീരം സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡോവർ എയർഫോഴ്‌സ് താവളത്തിലെത്തി. സൈനികരുടെ മരണത്തിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.

 ജോർദാനിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഇറാനിയൻ മിസൈൽ ആക്രമണത്തിലാണ് മൂന്ന് സൈനികർ കൊല്ലപ്പെട്ടതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നത്. ഇറാഖിൽ ഇറാൻ വിക്ഷേപിച്ച ആക്രമണ ഡ്രോൺ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിർവീര്യമാക്കുന്നതിനിടെയാണ് നാലാമത്തെ സൈനികൻ മരിച്ചത്.

ഡോവറിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, 'ഇറാൻ വലിയ വില നൽകേണ്ടിവരും' എന്ന് പറഞ്ഞു. എന്നാൽ അമേരിക്ക സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല.

വാഷിങ്ടണും ടെഹ്രാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. അതേസമയം, നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ജോർജിയ സംസ്ഥാനത്തെ ഒരു ഹൈസ്‌കൂൾ പരിപാടിയിൽ സംസാരിച്ച ട്രംപ്, ഇറാൻ ഉടൻ ചർച്ചാമേശയിലേക്ക് മടങ്ങിവരുമെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞു. നിലവിലെ സാഹചര്യം സമ്പൂർണ യുദ്ധമല്ല, മറിച്ച് ഒരു 'ഏറ്റുമുട്ടൽ' മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാൻ ശക്തമായ സമ്മർദം നേരിടുകയാണെന്നും അതിനാൽ വളരെ വേഗം ഒരു ധാരണയിലെത്താൻ തയാറാകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകൾക്കിടെ ഇറാൻ നേതൃത്വം നിരന്തരം നിലപാട് മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനെതിരെ സൈനിക സമ്മർദം ശക്തമാക്കുന്നതിനൊപ്പം ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനും അവസരമുണ്ടെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടാണ് ട്രംപിന്റെ പ്രതികരണത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്.