ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. നിലവിൽ സമരം നടക്കുന്ന ജന്തർ മന്തറിൽ തന്നെ പ്രതിഷേധക്കാരെ തടയാനാണ് പൊലീസിന്റെ തീരുമാനം.
പ്രതിഷേധം മുൻനിർത്തി ജന്തർ മന്തർ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ കേന്ദ്രത്തിലേക്കുള്ള എല്ലാ പ്രധാന വഴികളും പൊലീസ് അടച്ചിട്ടുണ്ട്. രാവിലെ മുതൽ സമരക്കാർ സ്ഥലത്തെത്തിത്തുടങ്ങിയിട്ടുണ്ട്. ക്വിക്ക് റെസ്‌പോൺസ് ടീം ഉൾപ്പെടെ 300ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയിൽ വിന്യസിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണർ, അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.
പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിക്കുന്ന എല്ലാവരെയും കർശന പരിശോധനയ്ക്ക് ശേഷമാണ് അനുവദിക്കുന്നത്. ബാഗുകൾ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷം സ്റ്റിക്കർ പതിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥർ ശരീര പരിശോധന നടത്തുന്നതോടൊപ്പം പ്രതിഷേധക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സിവിൽ വേഷത്തിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
സോനം വാങ്ചുക്കിനെ ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമായിട്ടുണ്ട്. ഇന്ന് രാവിലെ 11ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് നടത്താനാണ് സിജെപിയുടെ പദ്ധതി.
ജൂൺ 20നാണ് സിജെപി ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. തുടർന്ന് ജൂൺ 28 മുതൽ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. അതേ സമയം സമീപത്തെ മറ്റൊരു പന്തലിൽ ഐസ സംഘടനയുടെ നേതാക്കളും നിരാഹാരം ആരംഭിച്ചിരുന്നു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷവും ഐസയുടെ മൂന്ന് വിദ്യാർഥികൾ നിരാഹാരം തുടരുകയാണ്. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയും ശനിയാഴ്ച മുതൽ നിരാഹാര സമരത്തിൽ ചേർന്നിട്ടുണ്ട്.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യം; സിജെപിയുടെ പാർലമെന്റ് മാർച്ച്് ഇന്ന് , ഡൽഹിയിൽ കനത്ത സുരക്ഷ
