കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്ന 15 പോളിംഗ് ബൂത്തുകളിളെ റീ പോളിംഗിനിടെ ബി ജെ പി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഏപ്രില്‍ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയ ഉയര്‍ന്ന സൗത്ത് 24 പര്‍ഗാനാസിലാണ് റീപോളിംഗ് നടന്നത്.
മഗ്രഹാട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ നാല് ബൂത്തുകളിലുമായിരുന്നു റീപോളിംഗ്. ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ബി ജെ പി ഉയര്‍ത്തിയ പരാതികളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഡയമണ്ട് ഹാര്‍ബര്‍ മേഖലയിലെ ചില ഇടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ബട്ടണുകളില്‍ കൃത്രിമം കാണിച്ചെന്ന പരാതികളും ഉയര്‍ന്നിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
