നാഗ്പൂര്‍: ഔറംഗസേബിന്റെ ശവകുടീര തര്‍ക്കത്തിനിടെ നാഗ്പൂരില്‍ സംഘര്‍ഷം. മഹാരാഷ്ട്ര മുഖ്യമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തു.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യനാഗ്പൂരിലാണ് തിങ്കളാഴ്ച ഉച്ചയോടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സെന്‍ട്രല്‍ നാഗൂരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതായി വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. കോട്വാലി, ഗണേഷ്പേട്ട് എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചിറ്റ്നിസ് പാര്‍ക്കിലും മഹല്‍ പ്രദേശങ്ങളിലും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമില്ലെങ്കില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഹല്‍ പ്രദേശത്തെ ശിവജി പ്രതിമയ്ക്ക് സമീപം ഹിന്ദു വലതുപക്ഷ സംഘടനയായ ബജ്റംഗ് ദള്‍ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെ കാര്യങ്ങള്‍ അക്രമാസക്തമായി എന്നാണ് റിപ്പോര്‍ട്ട്. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് സംഘം ആഹ്വാനം ചെയ്തിട്ടുണ്ട്
പ്രകടനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായതോടെ മുസ്‌ലിം സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാമിക വിശുദ്ധ ഗ്രന്ഥം കത്തിച്ചതായി ആരോപിച്ച് ഗണേശേബത്ത് പൊലീസ് സ്റ്റേഷനില്‍ വൈകുന്നേരം പരാതി രജിസ്റ്റര്‍ ചെയ്തു. പരാതിയെ തുടര്‍ന്ന് മഹല്‍, കോട്വാലി, ഗണേശേബത്ത്, ചിതാന്‍വിസ് പാര്‍ക്ക് എന്നിവയുള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ജനക്കൂട്ടം തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പ്രകടനത്തിനിടെ ഔറംഗസേബിന്റെ പ്രതിരൂപമാണ് കത്തിച്ചതെന്ന് പറഞ്ഞു ബജ്റംഗ്ദള്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
അക്രമത്തെത്തുടര്‍ന്ന് നാഗ്പൂര്‍ നഗരത്തിലെ സെന്‍സിറ്റീവ് പ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കി. ലഹള നിയന്ത്രണ പൊലീസ്, ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍, സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്സ് എന്നിവരെ വിന്യസിച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സുരക്ഷ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും എത്തിച്ചിട്ടുണ്ട്.
നാഗ്പൂരിന്റെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അഭ്യര്‍ഥിച്ചു.