ഹൈദരാബാദ് (തെലങ്കാന) : പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 42 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്ലുകള്‍ പാസാക്കി തെലങ്കാന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍, ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ പിന്നാക്ക വിഭാഗത്തിനുള്ള സംവരണം ഉയര്‍ത്താനുള്ള രണ്ട് ബില്ലുകളാണ് നിയമസഭ ഇന്നലെ (മാര്‍ച്ച് 17) പാസാക്കിയത്. ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങള്‍ക്കും തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നന്ദി അറിയിച്ചു.
നിലവില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 23 ശതമാനം സംവരണം 42 ശതമാനമായി ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പ്രധാനമന്ത്രിക്ക് പ്രസ്തുത വിഷയത്തില്‍ മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ തങ്ങളെ സഹായിക്കണമെന്ന് കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, ബണ്ടി സഞ്ജയ് കുമാര്‍, ബിജെപി എംഎല്‍എമാര്‍ എന്നിവരോട് രേവന്ത് റെഡ്ഡി ആവശ്യപ്പെടുകയും ചെയ്തു.
ബില്ലുകള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാന്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനും തീരുമാനിച്ചതായി രേവന്ത് റെഡ്ഡി വ്യക്തമാക്കി. 'രാജ്യത്ത് ആദ്യമായി തെലങ്കാനയാണ് സുതാര്യമായ ജാതി സര്‍വേ നടത്തിയത്. ഇതില്‍ പിന്നാക്ക വിഭാഗത്തിന്റെ ജനസംഖ്യ 56.36 ശതമാനമാണെന്ന് കണ്ടെത്തി.' രേവന്ത് റെഡ്ഡി പറഞ്ഞു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 'പിന്നാക്ക വിഭാഗ പ്രഖ്യാപന'ത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിക്കു ശേഷം ദീര്‍ഘകാലമായുള്ള പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. നമ്മുടെ സഹോദരീ സഹോദരന്മാര്‍ ഔദ്യോഗിക സെന്‍സസില്‍ എണ്ണപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണമെന്ന ആഗ്രഹം ഒടുവില്‍ സഫലമായി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 42 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്ലുകള്‍ പാസാക്കി തെലങ്കാന
