വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കളായ ഹണ്ടറിനും ആഷ്‌ലിക്കും നൽകിവന്ന സീക്രട്ട് സർവീസ് സേവനം ഉടനടി നിർത്തലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഈ ആഴ്ച ദക്ഷിണാഫ്രിക്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഹണ്ടർ ബൈഡന്റെ സുരക്ഷക്കായി 18 ഏജന്റുമാരെ നിയോഗിച്ചതായും ഇത് 'പരിഹാസ്യമാണ്' എന്നും ആഷ്‌ലി ബൈഡന്റെ സംരക്ഷണത്തിന് 13 ഏജന്റുമാരെയാണ് ചുമതലപ്പെടുത്തിയതെന്നും ട്രംപ് ആരോപിച്ചു. ഇരുവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതായി ട്രംപ് കൂട്ടിച്ചേർത്തു.
ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സ് പര്യടനത്തിനിടെയാണ് മുൻ പ്രസിഡന്റിന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് പിൻവലിക്കുമോ എന്ന ചോദ്യമുയരുന്നത്. ഇക്കാര്യം താനിതുവരെ ശ്രദ്ധിച്ചില്ലെന്നും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
യു.എസ് ഫെഡറൽ നിയമമനുസരിച്ച് മുൻ പ്രസിഡന്റുമാർക്കും അവരുടെ ഇണകൾക്കും ആജീവനാന്ത സീക്രട്ട് സർവീസ് സേവനം ലഭ്യമാകും. എന്നാൽ അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നൽകുന്ന സംരക്ഷണം പ്രസിഡന്റ് കാലാവധി അവസാനിക്കുതോടെ കഴിയും. ജോ ബൈഡനും ട്രംപും വൈറ്റ് ഹൗസ് വിടുന്നതിനു മുമ്പ് അവരുടെ മുതിർന്ന കുട്ടികൾക്കുള്ള സംരക്ഷണം ആറു മാസത്തേക്ക് നീട്ടിയിരുന്നു.
ബൈഡന്റെ മക്കൾക്ക് നൽകിവന്ന സീക്രട്ട് സർവീസ് സേവനം ഉടനടി നിർത്തലാക്കുമെന്ന് ട്രംപ്
