ബെംഗളൂരു: യു എസ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് സ്ഥാപിച്ച ആഗോള സ്ഥാപനമായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിന്റെ (ഒ എസ് എഫ്) ഗുണഭോക്താക്കള്‍ക്കെതിരെ വിദേശനാണ്യ ലംഘന അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ബെംഗളൂരുവില്‍ റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ച്ച ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് റെയ്ഡുകള്‍ നടത്തിയത്.
ഒ എസ് എഫ് വഴി ലഭിക്കുന്നെന്ന് ആരോപിക്കപ്പെടുന്ന വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ് ഡി ഐ), ഫെമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും സാമ്പത്തിക ഉപയോഗത്തിനുമാണ് സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണോ ഫണ്ട് ഉപയോഗിച്ചതെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഒ എസ് എഫില്‍ നിന്നുള്ള മറുപടി കാത്തിരിക്കുകയാണെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സോറോസ് പ്രവര്‍ത്തിക്കുന്നുവെന്ന് ബി ജെ പി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ബി ജെ പി ജോര്‍ജ് സോറോസിനെതിരെയായത്. ഹംഗേറിയന്‍- അമേരിക്കന്‍ നിക്ഷേപകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടുന്നുവെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക ശൃംഖലകള്‍ ആഭ്യന്തര കാര്യങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും ബി ജെ പി ആരോപിക്കുന്നുണ്ട്.
ഔദ്യോഗിക ഡേറ്റ പ്രകാരം മനുഷ്യാവകാശങ്ങള്‍, നീതി, ഉത്തരവാദിത്ത ഭരണം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനസഹായം നല്‍കുന്നവരില്‍ ഒന്നാണെന്നാണ് ഒ എസ് എഫ് അവകാശപ്പെടുന്നത്. 2021ല്‍ ഇന്ത്യയില്‍ 4,06,000 യു എസ് ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. 1999ല്‍ ആണ് ഈ സംഘടന ആദ്യമായി രാജ്യത്ത് സാന്നിധ്യം സ്ഥാപിച്ചത്. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും വഴിയാണ് സ്ഥാപനം ഇന്ത്യയില്‍ വേറുറപ്പിച്ചത്.
2014ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച ഒ എസ് എഫ് മൂന്ന് പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകളെ പിന്തുണയ്ക്കുന്ന ഗ്രാന്റ്-മെയ്ക്കിംഗ് പ്രോഗ്രാമാണ് അവതരിപ്പിച്ചത്. വൈദ്യശാസ്ത്രത്തിലേക്കുള്ള പ്രവേശനം, നീതിന്യായ വ്യവസ്ഥ പരിഷ്‌കാരങ്ങള്‍, മാനസിക സാമൂഹിക വൈകല്യമുള്ളവര്‍ക്കുള്ള അവകാശങ്ങളും പൊതു സേവനങ്ങളും സാമൂഹിക ജീവിതം എന്നിവ ശക്തിപ്പെടുത്തലുമായിരുന്നു പദ്ധതികള്‍.