വാഷിംഗ്ടണ്‍: ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ പ്രസിഡന്റ് ട്രംപ് ആഹ്വാനം ചെയ്തതിനെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ജോണ്‍ ജി റോബര്‍ട്ട്‌സ്. പ്രസിഡന്റിന്റെ ആഹ്വാനത്തിനെതിരെ അപൂര്‍വ്വ പരസ്യ വിമര്‍ശനമാണ് ചീഫ് സ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നടത്തിയത്.
കോടതിയുടെ തീരുമാനവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ക്ക് ഇംപീച്ച്മെന്റ് ഉചിതമായ പ്രതികരണമല്ല എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും റോബര്‍ട്ട്‌സ് ഊന്നിപ്പറഞ്ഞു.
രണ്ട് നൂറ്റാണ്ടിലേറെയായി ഒരു ജുഡീഷ്യല്‍ തീരുമാനവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ക്ക് ഇംപീച്ച്മെന്റ് ഉചിതമായ പ്രതികരണമല്ലെന്ന് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും സാധാരണ അപ്പീല്‍ അവലോകന പ്രക്രിയ ആ ആവശ്യത്തിനായി നിലവിലുണ്ടെന്നുമാണ് സുപ്രിം കോടതി പുറത്തിറക്കിയ പ്രസ്താവനയില്‍ റോബര്‍ട്ട്‌സ് പറഞ്ഞത്.
വാഷിംഗ്ടണ്‍ ആസ്ഥാനമായ ജഡ്ജി ജെയിംസ് ഇ ബോസ്ബര്‍ഗിനെ ഇംപീച്ച് ചെയ്യണമെന്ന ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് റോബര്‍ട്ട്‌സ് അഭിപ്രായം പറഞ്ഞത്. വെനിസ്വേലന്‍ ഗുണ്ടാസംഘത്തെ നീക്കം ചെയ്യുന്നത് നിര്‍ത്താന്‍ ബോസ്‌ബെര്‍ഗ് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു.
ജനങ്ങളുടെ ഇഷ്ടത്തെയാണ് ജഡ്ജി ദുര്‍ബലപ്പെടുത്തുന്നതെന്ന് അവകാശപ്പെട്ട ട്രംപ് ജഡ്ജിക്കെതിരെ ആഞ്ഞടിച്ചിരുന്നു. വോട്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടതാണ് താന്‍ ചെയ്യുന്നതെന്നും നിരവധി വക്രബുദ്ധിയുള്ള ജഡ്ജിമാരെ പോലെ ഈ ജഡ്ജിയും ഇംപീച്ച് ചെയ്യപ്പെടണമെന്നാണ് ട്രംപ് എഴുതിയത്. ജഡ്ജിയെ ഇടതുപക്ഷ ഭ്രാന്തനെന്ന് വിളിക്കുകയും ചെയ്തു.
2018-ല്‍ ഫെഡറല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും സമഗ്രതയെയും ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സ് പ്രതിരോധിച്ചതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ അഭിപ്രായ പ്രകടനങ്ങള്‍. തന്റെ ഭരണകൂടത്തിന്റെ ഒരു നയത്തിനെതിരെ വിധി പ്രസ്താവിച്ച ഒരു ജഡ്ജിയെ ട്രംപ് 'ഒബാമ ജഡ്ജി' എന്ന് വിളിച്ചതിനെ തുടര്‍ന്നായിരുന്നു അത്.
ജുഡീഷ്യല്‍ റോളിനെക്കുറിച്ച് ആഴത്തിലുള്ള തെറ്റിദ്ധാരണയാണിതെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. 'നമുക്ക് ഒബാമ ജഡ്ജിമാരോ ട്രംപ് ജഡ്ജിമാരോ ബുഷ് ജഡ്ജിമാരോ ക്ലിന്റണ്‍ ജഡ്ജിമാരോ ഇല്ല,' എന്നു പറഞ്ഞ അദ്ദേഹം 'തങ്ങളുടെ മുന്നില്‍ ഹാജരാകുന്നവര്‍ക്ക് തുല്യാവകാശം നല്‍കാന്‍ കഴിയുന്നത്ര സമര്‍പ്പിതരായ ജഡ്ജിമാരുടെ ഒരു അസാധാരണ സംഘമാണ് നമുക്കുള്ളതെന്നും വിശദമാക്കി. അത്തരം സ്വതന്ത്ര ജുഡീഷ്യറിക്ക് നാമെല്ലാവരും നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം കുറിച്ചു.
1798ലെ ഏലിയന്‍ എനിമീസ് ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തുടക്കമായത്. യുദ്ധ സമയത്ത് മാത്രം, ഒരു വിദേശ ശക്തിയോട് പ്രാഥമികമായി കൂറു പുലര്‍ത്തുന്ന പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ പ്രസിഡന്റുമാര്‍ക്ക് അധികാരം നല്‍കുന്ന നിയമമാണ് ഏലിയന്‍സ് എനിമീസ് ആക്ട്.
1812ലെ യുദ്ധം, ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ എന്നിങ്ങനെ മൂന്നു തവണയല്ലാതെ അമേരിക്കന്‍ ചരിത്രത്തില്‍ ഏലിയന്‍ എനിമീസ് ആക്ട് നടപ്പാക്കിയിട്ടില്ല. ജര്‍മന്‍, ജാപ്പനീസ്, ഇറ്റാലിയന്‍ വംശജരെ കൂട്ടത്തോടെ തടങ്കലില്‍ വെക്കുന്നത് ന്യായീകരിക്കാനാണ് നിയമം ഉപയോഗിച്ചിരുന്നത്.
നാടുകടത്തല്‍ തടയണമെന്ന് ആവശ്യപ്പെട്ട യു എസ് ഇമിഗ്രേഷന്‍ കസ്റ്റഡിയിലുള്ള വെനിസ്വേലക്കാരുടെ സംഘം മാര്‍ച്ച് 15ന് ഒരു കേസ് ഫയല്‍ ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്.