യുക്രെയ്ന്‍ യുദ്ധം നിര്‍ത്താന്‍ രണ്ട് നിബന്ധനകള്‍ മുന്നോട്ടുവെച്ച് റഷ്യ

യുക്രെയ്ന്‍ യുദ്ധം നിര്‍ത്താന്‍ രണ്ട് നിബന്ധനകള്‍ മുന്നോട്ടുവെച്ച് റഷ്യ


മോസ്‌കോ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രണ്ട് പ്രധാന വ്യവസ്ഥകള്‍ മുമ്പോട്ടുവെച്ചതായി ക്രെംലിന്‍. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

യുക്രെയ്‌നിലെ ഊര്‍ജ്ജവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള താത്ക്കാലിക വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യു എസ് നേതൃത്വത്തിലുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

വെടിനിര്‍ത്തലില്‍ 'സാങ്കേതിക ചര്‍ച്ചകള്‍' നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായും പൂര്‍ണ്ണ വെടിനിര്‍ത്തലിനും ശാശ്വത സമാധാനത്തിനും വേണ്ടി കൂടുതല്‍ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തതായും വൈറ്റ് ഹൗസ് പ്രസ്താവിച്ചു.

പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന് സൈനിക സഹായവും രഹസ്യാന്വേഷണ വിഭാഗവും നല്‍കുന്നത് നിര്‍ത്തിയാല്‍ മാത്രമേ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്ന് പുടിന്‍ സംസാരത്തിനിടെ വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമാകുന്നത് തടയുന്നതിനും രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ അത് പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രധാന വ്യവസ്ഥ വിദേശ സൈനിക സഹായവും കീവിനുള്ള രഹസ്യാന്വേഷണവും പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് ഊന്നിപ്പറഞ്ഞതായി ക്രെംലിന്‍ വ്യക്തമാക്കി.

കൂടാതെ യുക്രെയ്നെ വീണ്ടും ആയുധമാക്കാന്‍ അനുവദിക്കരുതെന്ന് പുടിന്‍ അറിയിച്ചു. മുഴുവന്‍ കോണ്‍ടാക്റ്റ് ലൈനിലും സാധ്യമായ വെടിനിര്‍ത്തലിന്മേലുള്ള ഫലപ്രദമായ നിയന്ത്രണം, യുക്രെയ്‌നിയന്‍ സായുധ സേനയുടെ പുനഃസജ്ജീകരണം നിര്‍ത്തേണ്ടതിന്റെ ആവശ്യകത തുടങ്ങി നിരവധി അവശ്യ കാര്യങ്ങള്‍ റഷ്യന്‍ പക്ഷം വിശദീകരിച്ചതായി ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു.