വാഷിംഗ്ടൺ: യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം ശക്തമാക്കുന്നതിനിടയിൽ യു.എസ് കപ്പലിന് നേരെ 72 മണിക്കൂറിനിടെ നാലാം ആക്രമണവുമായി ഹൂത്തികൾ. ചെങ്കടലിൽ വ്യാപകമായി യു.എസ് കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തുന്നതിനെ തുടർന്ന് യുഎസ് കഴിഞ്ഞ ദിവസം ശക്തമായ തിരിച്ചടി നൽകിയിരുന്നു. ആക്രമണം രണ്ട് ദിവസം കഴിഞ്ഞപ്പോൾ യു.എസ്.എസ് ഹാരി ട്രൂമാൻ എയർക്രാഫ്റ്റ് കാരിയറിന് നേരെയാണ് ഹൂത്തികൾ തിരിച്ചടിച്ചത്.
ആക്രമണത്തിൽ നിരവധി മിസൈലുകളും ഡ്രോണുകളും പങ്കെടുത്തുവെന്ന് ഹൂത്തി സൈനിക വക്താവ് യാഹ്യ സാരീ പറഞ്ഞു. യമനിൽ യു.എസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുവെന്നും സാരി പറഞ്ഞു. യു.എസിന്റെ ആക്രമണം പാലസ്തീൻ ജനതക്ക് മേലുള്ള യെമന്റെ പിന്തുണയെ തടയില്ല. ഗാസയിലെ ആക്രമണങ്ങളും ഉപരോധവും അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരായി ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും ഹൂതികൾ വ്യക്തമാക്കി.
ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ ഹൂത്തികൾ അവർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ജനുവരിക്ക് ശേഷമാണ് ഹൂത്തികളുടെ ഇസ്രായേലിനെതിരായ ആദ്യ ആക്രമണമായിരുന്നു ഇത്. ഹൂത്തികളുടെ മിസൈൽ ആക്രമണമുണ്ടായ വിവരം ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ, മിസൈൽ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇസ്രായേൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച പുലർച്ച ഗാസയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആശുപത്രികളിൽ ഇപ്പോഴും മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാലസ്തീൻ ഭരണകൂടത്തിലെ ഉന്നതരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
യു.എസ് കപ്പലിന് നേരെ 72 മണിക്കൂറിനിടെ നാലാം ആക്രമണവുമായി ഹൂത്തികൾ
