വാഷിംഗ്ടൺ: ട്രാൻസ്ജന്റർമാരെ സൈന്യത്തിലെടുക്കുന്നത് തടഞ്ഞ് കൊണ്ട് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി തടഞ്ഞു. ട്രംപ് ഗവൺമെന്റിന്റെ അജണ്ടകൾക്കേറ്റ നിയമപരമായ തിരിച്ചടിയായി കോടതി ഉത്തരവ് മാറി.
ട്രാൻസ്ജന്റർമാരെ ഒഴിവാക്കാനുള്ള തീരുമാനം അവരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കലാണെന്ന് യു എസ് ജില്ലാജഡ്ജ് അന റെയസ് പറഞ്ഞു. 'തീരുമാനം പൊതുതലത്തിൽ വാദപ്രതിവാദങ്ങൾ സൃഷ്ടിക്കുമെന്നറിയാം. ആരാഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തിൽ അതെല്ലാം സ്വാഭാവികമാണ്, സമൂഹത്തിലും ഓരോരുത്തരും ബഹുമാനത്തിന് അർഹരാണ്.' ജഡ്ജ് പ്രസ്താവിച്ചു.
കോടതിയുടെ തീരുമാനം ആശ്വാസകരമാണെന്ന് യു എസ് സൈന്യത്തിലെ ലെ്ര്രഫനന്റ് കേണലും ട്രാൻസ്ജന്റെറുമായ നിക്കോളാസ് ടൽബോട്ട് പറഞ്ഞു. വൈറ്റ്ഹൗസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ ജഡ്ജിയുടെ ഉത്തരവിനെ വിമർശിച്ചു കൊണ്ട് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
ജനുവരി 27ന് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ ലിംഗ സ്വത്വം സൈനികരുടെ ആത്മാർതഥയെയും, അച്ചടക്കത്തെയും, സ്വാധീനിക്കുമെന്നും ട്രാന്സ് ജന്റർ സ്വത്വം അതിന് തടസ്സമാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജന്റർ ഡിസ്ഫോറിയ ഉള്ളവരെ സൈന്യത്തിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രതിരോധ സെക്രട്ടറിയും ഉത്തരവിറക്കി. വിഷാദവും, ആത്മഹത്യ പ്രവണതയും കാണിക്കുന്ന ഒരു അസുഖമാണിത്.
ആയിരകണക്കിന് ട്രാൻസ്ജന്റർമാരാണ് യു എസ് സൈന്യത്തിലുള്ളത്. 2016ലാണ് സൈനികസേവനത്തിന്റെ വാതിലുകൾ ഇവർക്ക് തുറന്നു നൽകുന്നത്.
ട്രംപിന് തിരിച്ചടി: ട്രാൻസ്ജന്റർമാരെ സൈന്യത്തിലെടുക്കുന്നത് തടയുന്ന ഉത്തരവ് തടഞ്ഞ് കോടതി
