തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കു നേരെയുണ്ടായത് അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തില്‍ ശക്തമായ നിയമനടപടിയും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണു വെട്ടേറ്റത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ അച്ഛന്‍ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടര്‍ക്കു നേരെ ആക്രമണം നടന്നത്.
വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. ഓഗസ്റ്റ് 14നായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സനൂപിന്റെ മകള്‍ അനയ മരിച്ചത്. ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് പോയത്. ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായ ഡോ. വിപിനെ പ്രകോപിതനായ സനൂപ് വെട്ടുകയായിരുന്നു.