യു എസ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇടിവ്; കാനഡയിലും യുകെയിലും വർദ്ധനവ്

യു എസ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇടിവ്; കാനഡയിലും യുകെയിലും വർദ്ധനവ്


വാഷിംഗ്ടൺ :  അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം വൻ ഇടിവ്. 2025 ഓഗസ്റ്റിൽ അമേരിക്കയിലേക്ക് വന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സർവകലാശാലകളിലേക്ക് എത്തുന്ന വിദേശ വിദ്യാർഥികളിൽ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് സർവകലാശാലകളെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാനിടയുണ്ട്.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം (STEM) എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനായി ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിലേക്ക് വൻതോതിൽ കുടിയേറിയിരുന്നു. എന്നാൽ ഈ വർഷം ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 44 ശതമാനം കുറഞ്ഞു. അമേരിക്കയിലേക്ക് വന്ന മൊത്തം വിദേശ വിദ്യാർഥികളുടെ എണ്ണം 19 ശതമാനം കുറഞ്ഞപ്പോൾ, ഇന്ത്യക്കാരിൽ ഉണ്ടായ ഈ കുറവ് ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 1.3 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ അമേരിക്കയിൽ പഠിക്കുന്നുണ്ട്.

വിസ നടപടിക്രമങ്ങളിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളും ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമാണ്. ഈ വർഷം മെയ് അവസാനം, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മൂന്നാഴ്ചത്തേക്ക് വിദ്യാർഥി വിസ (എഫ്1 വിസ) അഭിമുഖങ്ങൾ നിർത്തിവെച്ചിരുന്നു. അപേക്ഷ സമർപ്പിക്കേണ്ട പ്രധാന സമയത്തായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ നടപടി. അഭിമുഖങ്ങൾ പുനരാരംഭിച്ചപ്പോൾ, അപ്പോയിൻമെന്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇതോടെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പല ഇന്ത്യൻ വിദ്യാർഥികൾക്കും വിസ ലഭിച്ചില്ല.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളും വിദേശ വിദ്യാർഥികളുടെ വരവിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചു. 2025ൽ യുഎസ് 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കുകളും വിസാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എല്ലാ വിദേശ അപേക്ഷകരെയും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും തുടങ്ങി. ഇതിനു പുറമേ, വിദ്യാർഥികൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ക്യാമ്പസുകളിലെ ആശങ്ക വർധിപ്പിച്ചു. മാർച്ച് മാസത്തിൽ, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് പല വിദ്യാർഥികളെയും തടവിലാക്കുകയും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിദേശികളായ സ്കിൽഡ് പ്രൊഫഷണലുകൾക്ക് യുഎസ് നൽകുന്ന എച്ച്1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയത് അമേരിക്കയിൽ ജോലി തേടുന്ന വിദേശ ബിരുദധാരികൾക്ക് തിരിച്ചടിയായി. യുഎസിൽ പഠിച്ച് എച്ച്1ബി വിസയിൽ ജോലി നേടാൻ ആഗ്രഹിച്ച വിദ്യാർഥികൾക്കും ഫീസ് വർധന കനത്ത പ്രഹരമായി. ഇതോടെ പല ഇന്ത്യൻ വിദ്യാർഥികളും മറ്റ് മാർഗങ്ങൾ പരിഗണിച്ചു തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം അമേരിക്കയിലേക്ക് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞപ്പോൾ കാനഡയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ലളിതമായ വിസ നടപടിക്രമങ്ങളും തൊഴിലവസരങ്ങളുമാണ് വിദ്യാർഥികളെ കാനഡയിലേക്ക് ആകർഷിച്ചത്. കാനഡയ്ക്ക് പുറമേ, യുകെയിലും ഇന്ത്യൻ വിദ്യാർഥികളും എണ്ണം വർധിച്ചു. കൂടാതെ, ഓസ്ട്രേലിയയും ജർമനിയും വിദ്യാർഥികളുടെ, പ്രത്യേകിച്ച് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ ഇഷ്ട രാജ്യങ്ങളായി ഉയർന്നുവരുന്നുണ്ട്.

വിദേശ വിദ്യാർഥികളുടെ എണ്ണത്തിലെ ഇടിവ് ഈ അധ്യയന വർഷം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം ഏഴ് ബില്യൺ ഡോളർ നഷ്ടമുണ്ടാക്കുമെന്ന് നാഷണൽ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ എഡ്യൂക്കേറ്റേഴ്സ് കണക്കാക്കുന്നുണ്ട്. യുഎസിൻ്റെ അക്കാദമിക, സാങ്കേതിക മേഖലകളിൽ ഇന്ത്യൻ വിദ്യാർഥികൾ നിർണായക പങ്കുവഹിച്ചിരുന്നു. സയൻസ്, എഞ്ചിനീയറിങ് മേഖലകളിലെ വിദേശ പിഎച്ച്ഡി ബിരുദധാരികളിൽ ഏകദേശം മൂന്നിൽ നാല് ശതമാനവും പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ താമസിച്ച് ജോലി ചെയ്തിരുന്നു. വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന്റെ ഗവേഷണ മേഖലയെയും പ്രതിഭാസമ്പത്തിനെയും ബാധിച്ചേക്കാം.