ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്കിന്റെ ഏറ്റവും പുതിയ ദക്ഷിണേഷ്യ വികസന അപ്ഡേറ്റ്. ശക്തമായ ഉപഭോഗം, മെച്ചപ്പെട്ട കാര്‍ഷിക ഉത്പാദനം, ഗ്രാമീണ വേതന വര്‍ധനവ് എന്നിവയാണ് വളര്‍ച്ചയെ നയിക്കുകയെന്ന് ലോകബാങ്ക് പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം 6.6 ശതമാനമായി തുടരുന്ന രുന്നാലും, ദക്ഷിണേഷ്യയുടെ വളര്‍ച്ച 2026 ല്‍ 5.8 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോക സാമ്പത്തിക അനിശ്ചിതത്വം, വ്യാപാര നയ മാറ്റങ്ങള്‍, സാമൂഹിക- രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, തൊഴില്‍ വിപണികളിലെ തടസ്സങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മേഖലയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പര്‍ട്ട് പറയുന്നു. അപകടസാധ്യതകള്‍ രാജ്യങ്ങള്‍ മുന്‍കൂട്ടി പരിഹരിക്കണമെന്നും ലോക ബാങ്ക് ദക്ഷിണേഷ്യയുടെ വൈസ് പ്രസിഡന്റ് ജോഹന്നാസ് സട്ട് പറഞ്ഞു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കൃത്രിമബുദ്ധിയുടെ നേട്ടങ്ങള്‍ പരമാവധിയാക്കിയും വ്യാപാര തടസ്സങ്ങള്‍ ലഘൂകരിച്ചും ഉത്പാദനക്ഷമത ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന താരിഫുകള്‍ ചുരുങ്ങുന്ന മേഖലകളെ സംരക്ഷിക്കുകയും ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെട്ടു.
എഐ വരുത്തുന്ന ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് സമ്പദ്വ്യവസ്ഥകള്‍ തയ്യാറാകേണ്ടതുണ്ടെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വിവരസാങ്കേതികവിദ്യ, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിദ്യാസമ്പന്നരായ യുവ തൊഴിലാളികള്‍ക്ക് ജോലി മാറ്റങ്ങള്‍ക്ക് വിധേയരാകാന്‍ സാധ്യതയുണ്ടെന്ന് അതില്‍ പറയുന്നു.