''നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലടിച്ച് തകര്‍ന്നേനെ''-ട്രംപിനെ പ്രശംസിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

''നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലടിച്ച് തകര്‍ന്നേനെ''-ട്രംപിനെ പ്രശംസിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി


വാഷിംഗ്ടണ്‍:  ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ 'സമാധാനം' കൊണ്ടുവന്നത് യുഎസ് പ്രസിഡന്റെ ട്രംപിന്റെ കഴിവാണെന്ന് പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വ്യത്യസ്തമേഖലകളില്‍ മാറ്റം കൊണ്ടുവന്ന ട്രംപ് ഒരു 'പരിവര്‍ത്തനാത്മക പ്രസിഡന്റ്' ആണെന്ന് ചൊവ്വാഴ്ച അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വിശേഷിപ്പിച്ചു.

'നിങ്ങള്‍ ഒരു പരിവര്‍ത്തനാത്മക പ്രസിഡന്റാണ്... സമ്പദ്‌വ്യവസ്ഥയിലെ പരിവര്‍ത്തനം, പ്രതിരോധ ചെലവുകളില്‍ നേറ്റോ പങ്കാളികളുടെ അഭൂതപൂര്‍വമായ പ്രതിബദ്ധത, ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും തുടങ്ങി അസര്‍ബൈജാന്‍, അര്‍മേനിയ വരെ സമാധാനം സ്ഥാപിക്കല്‍, ഭീകരശക്തിയായ ഇറാനെ പ്രവര്‍ത്തനരഹിതമാക്കി,'  ഓവല്‍ ഓഫീസില്‍ ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ കാര്‍ണി പറഞ്ഞു.

ഏപ്രിലില്‍ കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാര്‍ണി ഈ വര്‍ഷം മെയ് മാസത്തില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു.

വാഷിംഗ്ടണിന്റെ മധ്യസ്ഥതയില്‍ നടന്ന  'നീണ്ട രാത്രി' ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും 'പൂര്‍ണ്ണവും ഉടനടി' വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ മെയ് 10 ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ 'പരിഹരിക്കാന്‍ സഹായിച്ചു' എന്ന തന്റെ അവകാശവാദം അദ്ദേഹം ഏകദേശം 50 തവണ ആവര്‍ത്തിച്ചു.

അതേസമയം മൂന്നാം കക്ഷി ഇടപെടലുകളെ ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടുണ്ട്.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മെയ് 7ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു.

അതിര്‍ത്തി കടന്നുള്ള നാല് ദിവസത്തെ തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം മെയ് 10ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ധാരണയിലെത്തി.

പാകിസ്ഥാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ധാരണ ഇരു സൈന്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണെന്നാണ് ഇന്ത്യ സ്ഥിരമായി വാദിക്കുന്നത്.