കളമശ്ശേരി മാര്‍ത്തോമ ഭവന്‍ ആക്രമണം നടത്തിയവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

കളമശ്ശേരി മാര്‍ത്തോമ ഭവന്‍ ആക്രമണം നടത്തിയവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്


കൊച്ചി: കളമശ്ശേരിയിലെ മാര്‍ത്തോമാ ഭവന്‍ ആക്രമണം നടത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡി സി സിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിന് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഗുണ്ടകള്‍ക്ക് കളമശ്ശേരി പൊലീസ് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്. 

നേരത്തെ സ്ഥലം മാര്‍ത്തോമാ ഭവന് വില്‍പ്പന നടത്തിയയാളുടെ മകന്റെ നേതൃത്വത്തില്‍ എഴുപതോളം പേര്‍ അര്‍ധരാത്രി അതിക്രമം നടത്തി സ്ഥലം കയ്യേറിയെന്നാണ് പള്ളി അധികൃതരും കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ ചിലര്‍ അതിക്രമിച്ചു കയറുകയും മതില്‍ പൊളിക്കുകയും റെഡിമെയ്ഡ് താത്ക്കാലിക ടോയ്‌ലറ്റുകളും വിശ്രമ മുറികളും സ്ഥാപിക്കുകയായിരുന്നു. 

നേരത്തെ ഭൂമിയുടെ അവകാശം പള്ളിയ്ക്കാണെന്ന് കോടതി വിധിച്ചിരുന്നു.

മാര്‍ത്തോമാ ഭവന് നേരെ ആക്രമണം നടത്തിയവരില്‍ നാലു പേരെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രമത്തിന് ഉപയോഗിച്ച ജെ സി ബിയും പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു.