മിസ്സിസ്സാഗ സാഹിത്യോത്സവം

മിസ്സിസ്സാഗ സാഹിത്യോത്സവം


കാനഡയില്‍ വന്ന കാലം മുതല്‍ ഇവിടെയുള്ള വായനശാലകളില്‍ മലയാളപുസ്തകം അന്വേഷിക്കുന്നതാണ്. എവിടെയും അങ്ങനെയൊന്ന് കാണാന്‍ കഴിഞ്ഞില്ല. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ചിലയിടങ്ങളിലെ വായനശാലകളില്‍ മലയാളമെത്തി. പഴയകാല പുസ്തകങ്ങളായിരുന്നു അവയില്‍ മിക്കതും. മലയാളപുസ്തകങ്ങള്‍ നാട്ടില്‍ നിന്നും വരുത്തിയാണ് വായിച്ചിരുന്നത്. വായനശാലയില്‍ എന്തുകൊണ്ടാണ് മലയാളപുസ്തകങ്ങള്‍ ഇല്ലാത്തതെന്ന അന്വേഷണത്തില്‍, മലയാളം ഭാഷ സംസാരിക്കുന്ന, മലയാളം മാതൃഭാഷയായ ഒരു ജനതതി ഇവിടെയില്ലെന്നതായിരുന്നു മറുപടി. അതിനു കാരണം ആംഗലഭാഷ സംസാരിക്കാന്‍ അറിയുന്ന മലയാളികള്‍ വീട്ടിലെ സംസാരഭാഷ മലയാളമെന്നു കാനേഷുമാരി കണക്കെടുപ്പില്‍ രേഖപ്പെടുത്താത്തതു കൊണ്ടായിരുന്നു.

ബ്ലോഗില്‍  സംവദിച്ചിരുന്ന എഴുത്തുകാരായ നിര്‍മ്മല, മുബീന്‍, ജൂന, ജോജിമ്മ (മാണിക്യം) കുഞ്ഞൂസ് എന്നിവര്‍ കാനഡയിലെ ടൊറന്റോയുടെ  വിവിധ ഭാഗങ്ങളില്‍ എത്തിയപ്പോള്‍ ഒന്നിച്ചു കൂടിയതാണ് വായനയുടെയും എഴുത്തിന്റെയും കൂട്ടായ്മയായ ദോശക്കൂട്ടം. ഭീമമായ തപാല്‍ ചാര്‍ജ്ജ് മുടക്കി പുസ്തകങ്ങള്‍ വാങ്ങി വായിച്ച കാലങ്ങളായിരുന്നു അത്. ഓരോരുത്തരും നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ പരസ്പരം കൈമാറി വായിച്ചതും ചര്‍ച്ച ചെയ്തതും വീടകങ്ങളിലായിരുന്നു. സമാനചിന്താഗതിയുള്ള ചിലര്‍ കൂടി എത്തിച്ചേര്‍ന്നപ്പോള്‍ വായനാരാമം എന്നൊരു കൂട്ടായ്മ തുടങ്ങി വീടകങ്ങളില്‍ നിന്ന് ചര്‍ച്ചകളെ പുറത്തേക്കെത്തിച്ചു.  

മിസ്സിസ്സാഗ സിറ്റി ലൈബ്രറിയിലെ നീണ്ട വരാന്തകളിലെ മൂലകളിലും വഴിയരികിലും ഇരുന്നു മലയാളപുസ്തക ചര്‍ച്ചകള്‍ തുടങ്ങി വെച്ചതാണ് ദോശക്കൂട്ടം. വായനാപ്രിയരുടെ എണ്ണം കൂടിയപ്പോഴും ചര്‍ച്ചകള്‍ക്ക് ഇടം കിട്ടാന്‍ വായനശാലയിലെ സമ്മേളന മുറികള്‍ക്കായി ബന്ധപ്പെട്ടവരെ സമീപിച്ചും അവരുമായി നിരന്തരം സംസാരിച്ചും മലയാളമെന്ന ഇന്ത്യന്‍ ഭാഷയെയും പുസ്തകങ്ങളെയും വായനശാലാ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചതില്‍ മുഖ്യപങ്കു വഹിച്ചത് കുഞ്ഞുസ്സ് തന്നെയായിരുന്നു. ഒറ്റ മനസ്സോടെ ദോശക്കൂട്ടം ഒപ്പം നിന്നു. ഇന്ന് മിസ്സിസാഗയില്‍ നടന്ന മള്‍ട്ടി കള്‍ച്ചറല്‍ ലിറ്റററി ഫെസ്റ്റിവലില്‍ മലയാളം വായനയ്ക്കായി ഇടം കിട്ടിയതില്‍ സന്തോഷമുണ്ട്. അതിലേക്ക് എത്താനുള്ള വഴികള്‍ എളുപ്പമായിരുന്നില്ല.

ഞങ്ങളുടെ കൈയ്യിലുള്ള മലയാള പുസ്തകങ്ങള്‍ വായനശാലയിലേക്കു സംഭാവന ചെയ്യാന്‍  ഒരുക്കമായിരുന്നെങ്കിലും അവ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഞങ്ങളല്ലാതെ ആരും മലയാളം ചോദിച്ചിട്ടില്ല എന്നായിരുന്നു അന്നവര്‍ കാരണം പറഞ്ഞത്. എന്നെങ്കിലും ഒരു മാറ്റമുണ്ടാവുമെന്നു പ്രതീക്ഷിച്ചു. പേരും  ഇമെയിലും ഫോണ്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്തു പോന്നു. 

കാലം വസന്തവും ഹേമന്തവുമായി നയാഗ്രയിലെ വെള്ളച്ചാട്ടം പോലെ കുതിച്ചൊഴുകി. എവിടെത്തിരിഞ്ഞു നോക്കിയാലും മലയാളികളെ കാണുന്ന അവസ്ഥയുണ്ടായിട്ടും മലയാള പുസ്തകക്ഷാമം തുടര്‍ക്കഥയാണ്. 

2025ല്‍ മിസ്സിസ്സാഗ നഗരസഭ ആദ്യമായി സാഹിത്യോത്സവം നടത്താന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ബഹുഭാഷാ സമ്മേളനത്തിലേക്ക് കുഞ്ഞൂസിനു ക്ഷണം കിട്ടി. ജി ടി എയില്‍ ധാരാളം മലയാളം എഴുത്തുകാര്‍ ഉണ്ടെന്നും അവരെയും പങ്കെടുപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചതിന്റെ ഫലമായി ഒരു പട്ടികയുണ്ടാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ വായനാരാമം എന്ന കൂട്ടായ്മയില്‍ നിന്ന് ആറ് എഴുത്തുകാരുടെ ഒരു പട്ടിക നല്‍കുകയും തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അനുവദിച്ചു കിട്ടുകയും ചെയ്തു. 

ഒക്ടോബര്‍ 3, 4, 5 തിയ്യതികളിലായി നടന്ന ഈ   സാഹിത്യോത്സവത്തിന്റെ അവസാന ദിവസമായിരുന്നു മലയാളത്തിന്റെത്.   കുഞ്ഞൂസിന്റെ നേതൃത്വത്തില്‍ നിര്‍മ്മല, ദിവാകരന്‍ നമ്പൂതിരി, ലേഖ മാധവന്‍, ലിനി ജോസ്, ജീന രാജേഷ് എന്നീ എഴുത്തുകാര്‍ പങ്കെടുക്കുകയും കഥയും കവിതയും അവതരിപ്പിക്കുകയും ചെയ്തു.  മോഡറേറ്റര്‍മാരായി ജൂന സജുവും ഡോ. സാബിറും പരിപാടി മനോഹരമാക്കി. 

മിസ്സിസ്സാഗയില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ സാഹിത്യോത്സവത്തില്‍ പല ഭാഷകളില്‍ നിന്നുള്ള എഴുത്തുകാരും പ്രസാധകരും പങ്കെടുത്തു. അതില്‍ മലയാളത്തിനും ഒരു സ്ഥാനം കിട്ടിയതില്‍ അഭിമാനമുണ്ട്. 

ഇനിയുമുണ്ട് ഏറെ ദൂരം സഞ്ചരിക്കാന്‍, എങ്കിലും ഈ ചെറുവിരലനക്കം ദേശക്കൂട്ടത്തിന് ഒരഭിമാനമുഹൂര്‍ത്തമായിരുന്നു. സഹകരിച്ച്, കൂടെ നിന്ന എല്ലാ അംഗങ്ങള്‍ക്കും സ്‌നേഹം.