സ്റ്റോക്കോം: 2025ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഗവേഷകരായ സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍- ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് നൊബേല്‍ പുരസ്‌കാരം. രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്‌കാരത്തിന് കാരണമായത്.
മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിര്‍മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയതെന്ന് ജൂറി പറഞ്ഞു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് 2025ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചത്.
മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. 'ലോഹ- ഓര്‍ഗാനിക് ചട്ടക്കൂടുകള്‍ക്ക് വലിയ കഴിവുണ്ട്, പുതിയ പ്രവര്‍ത്തനങ്ങളുള്ള ഇഷ്ടാനുസൃതമായി നിര്‍മിച്ച വസ്തുക്കള്‍ക്ക് മുന്‍പ് പ്രതീക്ഷിക്കാത്ത അവസരങ്ങള്‍ നല്‍കുന്നു,' എന്ന് രസതന്ത്രത്തിനുള്ള നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ ഹൈനര്‍ ലിങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണ്‍ രസതന്ത്രത്തില്‍ പിഎച്ച്ഡി നേടിയ കിറ്റഗാവ ഹംബോള്‍ട്ട് ഗവേഷണ പുരസ്‌കാരം (2008), ഡി ജെന്നസ് പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിലവില്‍ ക്യോട്ടോ സര്‍വകലാശാലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
യു കെയില്‍ ജനിച്ച് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ രസതന്ത്രം പഠിച്ച റോബ്‌സണ്‍ ഇപ്പോള്‍ മെല്‍ബണ്‍ സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ ജനിച്ച യാഗി യു എസിലെ ഇല്ലിനോയി ഉര്‍ബാന -ചാമ്പെയ്ന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി ഇപ്പോള്‍ യു എസിലെ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്.