കാണ്‍പൂര്‍: പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം 7:15 ഓടെ മിശ്രി ബസാര്‍ പ്രദേശത്താണ് സംശയാസ്പദമായ സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവം അപകടമാണോ അതോ മനഃപൂര്‍വമാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
മുള്‍ഗഞ്ച് പൊലീസ് സ്റ്റേഷന് കീഴിലുള്ള മിശ്രി ബസാര്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകളിലാണ് സ്‌ഫോടനം നടന്നതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ക്രമസമാധാനം) അശുതോഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകട നിലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണ്.
സ്‌ഫോടനം നടത്തിയ സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടയുടമകളിലും താമസക്കാരിലും പരിഭ്രാന്തി പരത്തിയ വലിയ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനും നാശനഷ്ടത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനുമായി പൊലീസും ഫോറന്‍സിക് സംഘങ്ങളും പ്രദേശം വളഞ്ഞിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡുമായി (എടിഎസ്) ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം നടത്താന്‍ ലഖ്നൗവില്‍ നിന്ന് എന്‍ഐഎ സംഘം കാണ്‍പൂരിലെത്തും.