വാഷിംഗ്ടൺ: ഇസ്രായേലിൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ യു.എസ് നീതിന്യായ വകുപ്പ് പുതിയ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു.
ജെ.ടി.എഫ് 107 എന്ന പേരിൽ രൂപം നൽകിയ സമിതി ഇസ്രായേലിലെ ആക്രമണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ ഹമാസ് അംഗങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. ബൈഡൻ അധികാരത്തിലിരിക്കെ നീതിന്യായ വിഭാഗം ഹമാസ് നേതാവ് യഹ്‌യ സിൻവാറിനും മറ്റു മുതിർന്ന നേതാക്കൾക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു.
എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഹമാസിന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. കാമ്പസുകളിലെ പാലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരുന്നു. കൊളംബിയ വിദ്യാർഥി മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതടക്കം നടപടികൾ രാജ്യത്തെ വിദേശ വിദ്യാർഥികളിൽ ആശങ്ക പടർത്തിയിരുന്നു.
അതിനിടെ, ചൊവ്വാഴ്ച പുലർച്ച ഗാസയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരിൽ ഗാസ സർക്കാറിലെ പ്രമുഖരും ഉൾപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. പബ്ലിക് വർക്‌സ് തലവൻ ഇസാം അൽദാലിസ്, നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹ്മദ് അൽഹത്ത, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അബൂവത്ഫ, ആഭ്യന്തര സുരക്ഷ വിഭാഗം ഡയറക്ടർ ജനറൽ ബഹ്ജത് അബൂ സുൽത്താൻ എന്നിവർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ യു.എസ് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു
