സുനിതയെയും ബുച്ച് വില്‍മോറിനെയും ആദ്യം വരവേറ്റത് മെക്‌സിക്കന്‍ കടലിലെ ഡോള്‍ഫിനുകള്‍

സുനിതയെയും ബുച്ച് വില്‍മോറിനെയും ആദ്യം വരവേറ്റത് മെക്‌സിക്കന്‍ കടലിലെ ഡോള്‍ഫിനുകള്‍


ഫ്‌ളോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ മെക്‌സിക്കന്‍കടലില്‍ അവരെ ആദ്യം വരവേറ്റത് ഡോള്‍പിന്‍ കൂട്ടം.
ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു.

മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമീപത്ത് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും സ്‌പേസ് എക്‌സിന്റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു.

കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നീണ്ടത്.

പേടകത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് നിക് ഹേഗ്

കപ്പലിലേക്ക് മാറ്റിയ ഡ്രാഗണ്‍ പേടകത്തില്‍ നിന്നും ക്രൂ9 സംഘം പുറത്തിറങ്ങി. കൈവീശിയാണ് സുനിത വില്യംസും സംഘവും പുറത്തിറങ്ങിയത്. നാലംഗ സംഘത്തിലെ നിക് ഹേഗാണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് പുറത്തിറങ്ങി. മൂന്നാമതായാണ് സുനിത വില്യംസ് ഇറങ്ങിയത്. അവസാനമായി ബുച്ച് വില്‍മോറും പേടകത്തില്‍ നിന്നും വെളിയിലിറങ്ങി.

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതയും ബുച്ച്‌മോറും ഭൂമിയില്‍ മടങ്ങിയെത്തുന്നത്. എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്. സെപ്റ്റംബറിലെത്തിയ നിക് ഹേഗും ഗോര്‍ബുനോവും ആറുമാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. സ്റ്റാര്‍ ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്.

ട്രംപ് വാഗ്ദാനം നിറവേറ്റി, പ്രതികരിച്ച് വൈറ്റ്ഹൗസ്

തിരിച്ചെത്തിയ ബഹിരാകാശ യാത്രാസംഘത്തെ വൈദ്യപരിശോധനയ്ക്കായി മാറ്റി. ഫ്‌ലോറിഡയിലെ ജോസണ്‍ സ്‌പേസ് സെന്ററിലേക്ക് മാറ്റും. യാത്രികര്‍ക്ക് ഇനി ആഴ്ചകള്‍ നീളുന്ന ഫിസിക്കല്‍ തെറാപ്പിയും മെഡിക്കല്‍ നിരീക്ഷണവും തുടരും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നാലുപേരും ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു. ഇവരെ അടുത്തുതന്നെ കുടുംബാഗങ്ങളെ കാണാന്‍ അവസരമൊരുക്കും. ദൗത്യത്തില്‍ ഒരിടത്തും ഒരു പ്രതിസന്ധിയും ഉണ്ടായില്ലെന്ന് നാസ വ്യക്തമാക്കി.

സുനിതയും വില്‍മോറും തിരിച്ചെത്തിയതോടെ അവരുടെ സുരക്ഷ സംബന്ധിച്ച ആകാംക്ഷകള്‍ക്ക് വിരാമമായി. പക്ഷേ, ഇതിന്റെ പേരില്‍ അമേരിക്കയില്‍ മറ്റൊരു വിവാദം ശക്തിപ്പെടുകയാണ്. അത് ബോയിങ് കമ്പനിയുടെ സ്റ്റാര്‍ലൈനര്‍ പേടകവും, ആ പേടകത്തില്‍ സുനിതയെയും വില്‍മോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവും ആയി ബന്ധപ്പെട്ടതാണ്.
സ്റ്റാര്‍ലൈനറും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദം വരും നാളുകളില്‍ ശക്തിപ്പെടാന്‍ ആണ് സാധ്യത. പ്രത്യേകിച്ച് സ്‌പേസ് എക്‌സിന്റെ മേധാവിക്ക് യുഎസിലെ ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍.