ടെൽ അവീവ്: വെടിനിർത്തലിനിടെ ഗാസയിൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ
തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെത്യനാഹു.
യുദ്ധലക്ഷ്യങ്ങൾ പൂർണമായും നേടും വരെ ആക്രമണങ്ങൾ തുടരുമെന്നും നെതന്യാഹു
പറഞ്ഞു. മുഴുവൻ ബന്ദികളേയും വിട്ടയക്കുന്നത് വരെയും ഹമാസ് സമ്പൂർണമായി
നശിക്കുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി
വ്യക്തമാക്കിയിരിക്കുന്നത്. സാധ്യതയുള്ള ഒരു കരയുദ്ധത്തിന്റെ സൂചനയാണ്
നെതന്യാഹുവിന്റെ ഭീഷണിയിലുള്ളതെന്ന് കരുതപ്പെടുന്നു.
ഞങ്ങളുടെ
കരുത്തെന്താണെന്ന് ഹമാസ് കഴിഞ്ഞ 24 മണിക്കൂറിനകം അറിഞ്ഞിട്ടുണ്ടാകും.
അവർക്ക് ഒരു ഉറപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും
ആക്രമണം നിർത്തില്ലെന്നും നെതന്യാഹു പറഞ്ഞു.
കളിയിലെ നിയമങ്ങൾ മാറിയ
വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു.
നരകത്തിന്റെ വാതിലുകൾ ഹമാസിന് മുന്നിൽ തുറക്കും. കര, വ്യോമ, കടൽ
മാർഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി
വ്യക്തമാക്കി.
ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച്
മുന്നറിയിപ്പില്ലാതെ ഗാസയെ വീണ്ടും ചോരയിൽ മുക്കിയ ഇസ്രായേൽ ഭീകരതക്ക്
പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. കരസേന
ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂൻ അടക്കം കിഴക്കൻ
ഗാസയിൽനിന്ന് ആളുകളോട് ഒഴിഞുപോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പും
നൽകിയതെന്നാണ് സൂചന.
അതിനിടെ, ചൊവ്വാഴ്ച പുലർച്ച ഗാസയിൽ നൂറിലേറെ
യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത ആക്രമണത്തി്വൽ കുട്ടികളും
സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക്
പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ
കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആശുപത്രികളിൽ ഇപ്പോഴും മൃതദേഹങ്ങൾ
എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസിന് മുന്നറിയിപ്പ്: ഗാസയിലെ ആക്രമണങ്ങൾ തുടക്കം മാത്രം; കരയുദ്ധ ഭീഷണിയുമായി നെത്യനാഹു
