ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരില്‍ വലയുന്ന കെപിസിസിയുടെ നിയന്ത്രണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏറ്റെടുക്കുന്നതായി സൂചന. ആദ്യ പടിയെന്ന നിലയില്‍ മാധ്യമ ഏകോപനത്തിനുള്ള കേന്ദ്ര പാനല്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ശേഷിക്കെ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് സംസ്ഥാന ഘടകവുമായി അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിക്കാനാണ് പാനല്‍.
മുതിര്‍ന്ന നേതാവും നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററുമായ മോഹന്‍ കുമാരമംഗലത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാനലിനാണ് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. ലാവണ്യ ബല്ലാല്‍ ജെയിന്‍, ഗൗതം സേത്ത് എന്നീ രണ്ട് കോര്‍ഡിനേറ്റര്‍മാരും സ്മിത് സിങ്, ജോര്‍ജ്ജ് കുര്യന്‍ എന്നീ രണ്ട് റിസര്‍ച്ച് കോര്‍ഡിനേറ്റര്‍മാരുമാണ് പാനലിലെ മറ്റ് അംഗങ്ങള്‍.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കനത്ത തലവേദനയായ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. വിഭാഗീയതയില്‍ മടുത്തതിന് പിന്നാലെ കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളേയും ഈ മാസം ആദ്യം ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അച്ചടക്കലംഘനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യോഗത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായെങ്കിലും സംസ്ഥാന ഘടകവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാനല്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗ്രൂപ്പ് പോര് പുതിയ കാര്യമേയല്ല. 1970കള്‍ മുതല്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി പാര്‍ട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളെ നയിച്ചത് കെ. കരുണാകരനും എ.കെ. ആന്റണിയുമാണ്.
അവര്‍ക്ക് ശേഷം രണ്ട് പ്രബല വിഭാഗങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു നേതൃത്വം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ ഉമ്മന്‍ ചാണ്ടി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നത് വരെ ഈ പോര് തുടര്‍ന്നിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന കോണ്‍ഗ്രസിന് പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടിയത് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
ഈ തോല്‍വിയില്‍ ആഭ്യന്തര ഭിന്നതകള്‍ വഷളായിരിക്കെ ആയിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനും പ്രതിപക്ഷനേതാവായി വിഡി സതീശനും എത്തുന്നത്. നേതൃനിരയില്‍ മാറ്റമുണ്ടായെങ്കിലും വിഭാഗീയതയ്ക്കും പൊതുജനമധ്യത്തിലെ വിഴുപ്പലക്കലിനും ശമനമുണ്ടായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളെല്ലാം അവസാനിപ്പിച്ച് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രദ്ധയൂന്നാന്‍ ഡല്‍ഹിയിലെ യോഗത്തില്‍ നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
കെ പി സി സി മാധ്യമ ഏകോപനത്തിനുള്ള കേന്ദ്രപാനല്‍ ഹൈക്കമാന്റ് രൂപീകരിച്ചു
