ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ട്രൂത്ത് സോഷ്യലിൽ ചേർന്നു.
ട്രൂത്ത് സോഷ്യലിൽ അംഗമാവാൻ കഴിഞ്ഞത് സന്തോഷം. ഇവിടെയുള്ള തരത്തിലുമുള്ള ശബ്ദങ്ങളുമായും സംവദിക്കാനും വരും കാലങ്ങളിൽ അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു മോഡി തന്റെ ആദ്യ പോസ്റ്റിൽ കുറിച്ചു. 2019 ലെ യുഎസ് സന്ദർശനത്തിനിടെ ടെക്‌സസിലെ ഹൂസ്റ്റണിൽ താനും ട്രംപും വേദിയിലിരിക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
തന്റെ രണ്ടാമത്തെ പോസ്റ്റിൽ, പ്രധാനമന്ത്രി മോഡിയുടെ പോഡ്കാസ്റ്റിന്റെ വീഡിയോ ലിങ്ക് അമേരിക്കൻ എഐ ഗവേഷകനായ ലെക്‌സ് ഫ്രിഡ്മാനുമായി പങ്കിട്ട ട്രംപിന്റെ ഞായറാഴ്ചത്തെ പോസ്റ്റ് പ്രധാനമന്ത്രി വീണ്ടും പങ്കിട്ടു. പ്ലാറ്റ്‌ഫോമിൽ ചേർന്ന ഒരു മണിക്കൂറിനുള്ളിൽ മോഡിക്ക് 6,500ലധികം ഫോളോവേഴ്‌സ് ലഭിച്ചു. ഡോണൾഡ് ട്രംപിനെയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്.
ട്രംപിനെ എക്‌സിൽ നിന്ന് (അന്ന് ട്വിറ്റർ) വിലക്കിയതിന് ശേഷം 2022 ഫെബ്രുവരിയിലാണ് ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. അതിനുശേഷം, ട്രംപിന്റെ വിശ്വസ്തനായ ശതകോടീശ്വരൻ എലോൺ മസ്‌ക് എക്‌സിനെ വാങ്ങുകയും യുഎസ് പ്രസിഡന്റിനെ പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യലിൽ ചേർന്നു
