ബൈഡന്റെ മാപ്പുകളും ഓട്ടോപെന്നും 'അസാധുവാക്കി' എന്ന ട്രംപിന്റെ അവകാശവാദത്തിന് തെളിവുകളില്ല

ബൈഡന്റെ മാപ്പുകളും ഓട്ടോപെന്നും 'അസാധുവാക്കി' എന്ന ട്രംപിന്റെ അവകാശവാദത്തിന് തെളിവുകളില്ല


വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ 'പല'  മാപ്പുകളും റദ്ദാക്കിയ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം വിവാദത്തിലേയ്ക്ക്. മാപ്പുനല്‍കുന്ന ഉത്തരവില്‍ മുന്‍ പ്രസിഡന്റ് ബൈഡന്‍ കൈകൊണ്ട് ഒപ്പിടുന്നതിനു പകരം ഓട്ടോ പെന്‍ (ഒരു വ്യക്തിയുടെ ഒപ്പ് പുനര്‍നിര്‍മ്മിക്കുന്ന ഒരു ഉപകരണം) ഉപയോഗിച്ചാണ് ഒപ്പിട്ടതെന്നാണ് ട്രംപിന്റെ വാദം. ഓട്ടോ പെന്‍ ഒപ്പുകള്‍ക്ക് നിയമ സാധുതയില്ലെന്നും ട്രംപ് വാദിക്കുന്നു.

എന്നാല്‍ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത തന്റെ അവകാശവാദത്തിന് ട്രംപ് തെളിവുകളൊന്നും നല്‍കിയിരുന്നില്ല.

ബൈഡന്‍ മാപ്പുകളില്‍ ഓട്ടോപെന്‍ ഉപയോഗിക്കുന്നതിനുപകരം കൈകൊണ്ട് ഒപ്പിട്ടതിന്റെ നിരവധി കേസുകള്‍ ഒരു യാഥാര്‍ത്ഥ്യ പരിശോധനയില്‍ കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഡിജിറ്റല്‍ ആര്‍ക്കൈവായ ഫെഡറല്‍ രജിസ്റ്ററില്‍ സൂക്ഷിക്കുമ്പോള്‍ യുഎസ് ഗവണ്‍മെന്റ് രേഖകളില്‍ ഒരു സാമ്പിള്‍ പ്രസിഡന്‍ഷ്യല്‍ ഒപ്പ് ഉപയോഗിക്കാറുണ്ട്. ട്രംപിന്റെ കീഴിലും ബൈഡന്റെ കീഴിലും ഈ രീതിയില്‍ ഒപ്പുകള്‍ ഇട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു.

ഓട്ടോപെന്‍ ഒപ്പിട്ട മാപ്പുകളെ അസാധുവാക്കുന്ന ഒന്നും യുഎസ് നിയമത്തില്‍ ഇല്ലെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബൈഡന്‍ ഓട്ടോപെന്‍ ഉപയോഗിച്ച് മാപ്പുകളില്‍ ഒപ്പിട്ടോ?

ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു: 'അണ്‍സെലക്ട് കമ്മിറ്റി ഓഫ് പൊളിറ്റിക്കല്‍ തഗ്‌സിനും മറ്റ് പലര്‍ക്കും ജോ ബൈഡന്‍ നല്‍കിയ 'മാപ്പ്', ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ടതിനാല്‍ അസാധുവായെന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജോ ബൈഡന്‍ അവയില്‍ ഒപ്പിട്ടിട്ടില്ല, പക്ഷേ, അതിലും പ്രധാനമായി, അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു!'. എന്നും ട്രംപ് എഴുതി.

ഏത് മാപ്പുകളാണ് താന്‍ പരാമര്‍ശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ജനുവരി 6 ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റിയെ 'അണ്‍സെലക്ട് കമ്മിറ്റി' എന്ന് അദ്ദേഹം മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്, കൂടാതെ കുടുംബാംഗങ്ങള്‍ക്ക് മാപ്പ് നല്‍കിയ ബൈഡന്റെ നടപടിയും ട്രംപ് വിമര്‍ശിച്ചു.

വൈറ്റ് ഹൗസില്‍ ബൈഡന്റെ ഔദ്യോഗിക ഫോട്ടോകളും വൈറ്റ് ഹൗസ് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തവയും ബിബിസി വെരിഫൈ പരിശോധിച്ചപ്പോള്‍, അദ്ദേഹം കൈകൊണ്ട് മാപ്പ് ഒപ്പിട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്തി.

2022 ഒക്ടോബറില്‍, കഞ്ചാവ് കൈവശം വച്ചതിന് ജയിലില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കുന്ന ഒരു ഉത്തരവില്‍ ബൈഡന്‍ കൈകൊണ്ട് ഒപ്പിടുന്ന ചിത്രങ്ങളും കാണാം.

അതേ വര്‍ഷം, അക്രമരഹിത കുറ്റവാളികള്‍ക്കുള്ള മാപ്പിലും അദ്ദേഹം ഒപ്പിട്ടു.

ഓട്ടോപെന്‍ ഉപയോഗിച്ച് മാത്രം ബൈഡന്‍ മാപ്പ് നല്‍കിയിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്ന് ബിബിസി പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, ഓട്ടോപെന്‍ ഉപയോഗിച്ച് ഫെഡറല്‍ ഏവിയേഷന്‍ ഫണ്ടിംഗിനായി ഒരാഴ്ചത്തേക്ക് കാലാവധി നീട്ടുന്നതിനുള്ള ബില്ലില്‍ അദ്ദേഹം ഒപ്പിട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ അവകാശവാദത്തിന് പിന്നിലെ തെളിവുകള്‍ക്കായി 'ബിബിസി വെരിഫൈ' ബൈഡന്റെ ഓഫീസിനോടും ഓട്ടോപെന്‍ ഉപയോഗിച്ചതിന്റെ രേഖ വൈറ്റ് ഹൗസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 19ന് ആന്റണി ഫൗചി ഉള്‍പ്പെടെയുള്ള ചില കുടുംബാംഗങ്ങള്‍ക്കും രാഷ്ട്രീയ വ്യക്തികള്‍ക്കും ബൈഡന്‍ മാപ്പ് നല്‍കിയതില്‍ എല്ലാവര്‍ക്കും ഒരേ ഓട്ടോപെന്‍ ഒപ്പ് ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട കണ്‍സര്‍വേറ്റീവ് തിങ്ക് ടാങ്ക് ദി ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഭാഗമായ ഓവര്‍സൈറ്റ് പ്രോജക്റ്റില്‍ നിന്നാകാം ട്രംപിന് ഇതെപ്പറ്റിയുള്ള സൂചന ലഭിച്ചതെന്ന് തോന്നുന്നു.


ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ട രേഖകള്‍ നിയമപരമായി ബാധകമാണോ?

യുഎസ് പ്രസിഡന്റുമാര്‍ ഒപ്പിട്ട ഔദ്യോഗിക രേഖകള്‍  മാപ്പ് ഉള്‍പ്പെടെ  ഓട്ടോപെന്‍ ഉപയോഗിച്ച് ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അവ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും യുഎസ് നിയമത്തില്‍ ഇതെക്കുറിച്ച് ഒന്നും തന്നെയില്ലെന്നും നിയമ വിദഗ്ദ്ധര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ പ്രസിഡന്റുമാര്‍ മുമ്പ് ഓട്ടോപെന്‍ ഉപയോഗിച്ചിരുന്നു എന്നാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ പ്രൊഫസറായ ആന്‍ഡ്രൂ മോറാന്‍ പറയുന്നത്

'പ്രാധാന്യം കുറഞ്ഞ രേഖകളില്‍, ഒരു ഓട്ടോപെന്‍ ഉപയോഗിക്കുന്നത് അസാധാരണമല്ല.

'എന്നാല്‍ മാപ്പ് പോലുള്ള ഗുരുതരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ബൈഡന്‍ അതില്‍ കൈകൊണ്ട് തന്നെയാകും ഒപ്പിടുക എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബുഷ് ഭരണകാലത്ത് നീതിന്യായ വകുപ്പില്‍ നിന്നുള്ള 2005 ലെ ഒരു മെമ്മോയില്‍, അത് നിയമമാകുന്നതിന് പ്രസിഡന്റ് ഒരു ബില്ലില്‍ ശാരീരികമായി ഒപ്പിടേണ്ടതില്ലെന്ന് പ്രസ്താവിച്ചിരുന്നു.

'അത്തരമൊരു ബില്ലില്‍ പ്രസിഡന്റിന്റെ ഒപ്പ് പതിക്കാന്‍ ഒരു കീഴുദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചുകൊണ്ട്, സെക്ഷന്‍ 7 ലെ ആര്‍ട്ടിക്കിള്‍ I ന്റെ വ്യാഖ്യാനത്തില്‍ പ്രസിഡന്റിന് ഒരു ബില്ലില്‍ ഓട്ടോപെന്‍ വഴി ഒപ്പിടാം എന്നും, മെമ്മോയില്‍ പറയുന്നു.

ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് സ്വയം ഓട്ടോപെന്‍ ഉപയോഗിച്ചില്ലെങ്കിലും, 2011 ല്‍ പ്രസിഡന്റ് ഒബാമ അത് ഉപയോഗിച്ചിരുന്നു.

ജെഎഫ്‌കെ, ഹാരി ട്രൂമാന്‍ എന്നിവരുള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരും ഓട്ടോപെന്‍ ഉപയോഗിച്ചിട്ടുണ്ട്.