ഫെംഗല്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ കരകയറി; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഫെംഗല്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ കരകയറി; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്


ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച തമിഴ്നാട്ടില്‍ കരകയറി. മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചു.

ചുഴലിക്കാറ്റ് നവംബര്‍ 30ന് ഉച്ചതിരിഞ്ഞ് തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവയുടെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായി വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറഞ്ഞത്.

തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ തെക്കേ ഇന്ത്യയിലെ പത്ത് ജില്ലകളിലെങ്കിലും ഐ എം ഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 1.2 മില്യണ്‍ നിവാസികള്‍ക്ക് മുന്നറിയിപ്പുകളും ടെക്സ്റ്റ് സന്ദേശങ്ങളും അധികൃതര്‍ അയച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ തെക്ക് കിഴക്കും പുതുച്ചേരിക്ക് വടക്ക് കിഴക്കുമായാണ് കാറ്റ കയറിയതെന്ന് ചെന്നൈ ഐ എം ഡി ഹെഡ് എസ് ബാലചന്ദ്രന്‍ പറഞ്ഞു. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. 

ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ നാല് മണി വരെ നിര്‍ത്തിവെച്ചു. ചെന്നൈ ഡിവിഷനിലെ എല്ലാ സബര്‍ബന്‍ സെക്ഷനുകളിലും ലോക്കല്‍ ട്രെയിനുകള്‍ കുറഞ്ഞ ഇടവേളകളില്‍ സര്‍വീസ് നടത്തി.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കനത്ത മഴ കണക്കിലെടുത്ത് തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ഐ ടി കമ്പനികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.