ന്യൂഡല്‍ഹി: ഫീസടക്കാന്‍ മിനിറ്റുകള്‍ വൈകിയതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിക്ക് സീറ്റ് നിഷേധിച്ച സംഭവത്തില്‍ സുപ്രിം കോടതി ഇടപെടല്‍. വിദ്യാര്‍ഥിയ്ക്ക് പ്രവേശനം നല്‍കണമെന്ന് ഐ ഐ ടി ധന്‍ബാദിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം.
യുവപ്രതിഭകളെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. ഫീസ് അടക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് വിദ്യാര്‍ഥിക്ക് സീറ്റ് നഷ്ടപ്പെട്ടു എന്ന് സന്ദേശം ലഭിച്ചത്. പിന്നാലെ വിദ്യാര്‍ഥി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
ജെഇഇ അഡ്വാന്‍സ്ഡ് നേടിയ ദലിത് വിദ്യാര്‍ഥി അതുല്‍ കുമാറിന് ധന്‍ബാദ് ഐ ഐ ടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലാണ് സീറ്റ് ലഭിച്ചിരുന്നത്. അലോട്ട്‌മെന്റ് ലഭിച്ച് നാല് ദിവസത്തിനുള്ളില്‍ സ്വീകാര്യത ഫീസ് ആയ 17500 രൂപ അടക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ദിവസവേതന തൊഴിലാളിയായ അതുലിന്റെ പിതാവിനും കുടുംബത്തിനും പണം കൃത്യസമയത്ത് കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ സീറ്റ് നിഷേധിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ നിവാസിയും ദിവസ വേതനക്കാരന്റെ മകനുമായ കുമാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ജാര്‍ഖണ്ഡ് ഹൈക്കോടതിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തില്‍ അതുലിന്റെ പിതാവ് ദിവസവേതനക്കാരനാണ്. അച്ഛന്‍ രാജേന്ദ്ര സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് അതുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജൂണ്‍ 24ന് വൈകുന്നേരം 4.45നാണ് അതുലിന്റെ സഹോദരന്റെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയത്. അതുല്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടക്കാന്‍ തുടങ്ങിയപ്പോഴേക്കും സമയം വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. പോര്‍ട്ടല്‍ ഫീസ് നിക്ഷേപം സ്വീകരിക്കില്ലെന്നും അനുവദിച്ച സീറ്റ് റദ്ദാക്കിയെന്നും അറിയിക്കുകയായിരുന്നു.