ന്യൂഡല്‍ഹി: വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ഡല്‍ഹിയിലെ 24 മണിക്കൂര്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ ക്യു ഐ) 401ല്‍ എത്തിയതോടെ വായുവിന്റെ ഗുണനിലവാരം വീണ്ടും 'കടുത്ത' വിഭാഗത്തിലെത്തി. നഗരത്തിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 19 എണ്ണം 'കടുത്ത' ശ്രേണിയില്‍ എ ക്യു ഐ ലെവലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ചയോളം കഠിനവും 'ഗുരുതരമായതുമായ' വായു മലിനീകരണത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ എ ക്യു ഐ 371 ആയി കുറഞ്ഞപ്പോള്‍ ചെറിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മലിനീകരണ തോത് വഷളാവുകയായിരുന്നു.
വെള്ളിയാഴ്ച സുപ്രfം കോടതി മലിനീകരണ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയും ഡല്‍ഹിയിലെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ് 4) നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന കാര്യം ് നവംബര്‍ 25ന് തീരുമാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവര്‍ ഗ്രാപ്-4 നടപടികള്‍ നടപ്പിലാക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു.
നഗരത്തിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളില്‍ പരിശോധനയില്ലാത്തതിനെ കോടതി വിമര്‍ശിച്ചു.
ബി എസ് 3 പെട്രോള്‍, ബി എസ് 4 ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് ഗ്രാപ് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിരോധിക്കുന്നു. ആഴ്ചയുടെ തുടക്കത്തില്‍ വായു മലിനീകരണം 'കടുത്ത പ്ലസ്' വിഭാഗത്തില്‍ എത്തിയതിനാലാണ് ഈ നടപടി നടപ്പിലാക്കിയത്.