വഴങ്ങാതെ സ്റ്റാലിൻ... ചെന്നൈ ദൗത്യം പരാജയം; വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തയാറാകില്ലെന്ന് ഇന്ത്യ സഖ്യം

വഴങ്ങാതെ സ്റ്റാലിൻ... ചെന്നൈ ദൗത്യം പരാജയം; വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തയാറാകില്ലെന്ന് ഇന്ത്യ സഖ്യം


ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാൻ കഴിയാതെ ഇന്ത്യാസഖ്യം. സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും ചർച്ച പരാജയം എന്നാണ് റിപ്പോർട്ടുകള്‍. വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തയാറാകില്ലെന്ന് ഡിഎംകെയെ അറിയിച്ചു. മറ്റ് ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാമെന്നാണ് നേതാക്കൾ സ്റ്റാലിനോട് വിശദമാക്കിയത്.

മണ്ഡല പുനർനിർണയ ബില്ല് തമിഴ്‌നാടിന് ഗുണം ചെയ്യുമെന്ന് എംകെ സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും സ്റ്റാലിൻ. വനിതകള്‍ക്ക് ഗുണം ചെയ്യുന്ന ബില്ലാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റാലിൻ്റെ നിലപാടിന് പിന്നാലെ രാഹുൽ ഗാന്ധിയും രംഗത്തെത്തി.

തമിഴ്‌ സംസ്‌കാരത്തിന് എതിരാണ് ആർഎസ്‌എസിൻ്റെയും ബിജെപിയുടെയും നിലപാടെന്നും ബില്ലിനെ പിന്തുണക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സഹോദരൻ സ്റ്റാലിനോട് ഞങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും തമിഴ്‌നാടിന് എതിരായ ബില്ലാണിതെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ ദൗത്യം പരാജയമാണെന്ന കാര്യത്തിൽ രാഹുൽ പ്രതികരിച്ചില്ല.

തങ്ങൾക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ എം കെ സ്റ്റാലിൻ ഊഷ്മളവായ വരവേൽപാണ് ഇന്ത്യാ സഖ്യനേതാക്കൾക്ക് നൽകിയത്. മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച നിലപാട് ദേഷ്യം കൊണ്ടല്ലെന്ന് വ്യക്തമാക്കിയ എംകെ സ്റ്റാലിൻ അനുനയ ശ്രമങ്ങൾക്ക് വഴങ്ങിയില്ല. 1971 സെൻസസ് അനുപാതം തുടരാൻ വേറെ വഴിയില്ലെന്നും ഇന്നും എന്നും ഒരേ നിലപാടെന്ന് എം കെ സ്റ്റാലിൻ. മണ്ഡല പുനർ നിർണയം തെക്കേ ഇന്ത്യക്ക് ദോഷം എന്ന കോൺഗ്രസ്സ് വാദം സ്റ്റാലിൻ തള്ളി. 

ലോക് സഭാ സീറ്റുകളുടെ എണ്ണം 850 ആക്കുന്നതാണ് പ്രശ്നമെന്നും സീറ്റുകളുടെ സ്വഭാവം മാറ്റാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി ഡിഎംകെ നേതൃത്വത്തോട് വിശദമാക്കി. ആർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്നും ബിജെപിയുടെ ലക്ഷ്യങ്ങൾ നടക്കാൻ അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ലോക് സഭാ സീറ്റ് 850 ആയാൽ ജനാധിപത്യം അവസാനിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി. എന്നാൽ അനുനയ യോഗത്തിൽ കോൺഗ്രസിന്റെ വഞ്ചന എടുത്ത് പറഞ്ഞ ദയാനിധി മാരൻ പൊട്ടിത്തെറിച്ചു. രണ്ട് മന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും ദയാനിധി മാരൻ വിശദമാക്കി. തങ്ങൾക്ക് മുഖ്യം തമിഴ്നാട് ആണെന്നും തമിഴ്നാടിന്റെ പ്രാധാന്യം വർദ്ധിക്കുന്ന ബില്ലിനെ തോൽപിക്കാൻ കഴിയില്ലെന്നുമാണ് ഡിഎംകെ നേതാക്കൾ വിശദമാക്കിയത്.

പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി, കേന്ദ്ര സർക്കാരിൻ്റെ പുതിയ മണ്ഡല പുനർനിർണയ ബില്ലിനെ (Delimitation Bill) പരാജയപ്പെടുത്താൻ അവസാനവട്ട സമവായ നീക്കങ്ങൾ ഊർജിതമാക്കുകയാണ് പ്രതിപക്ഷമായ 'ഇന്ത്യ' മുന്നണി. ഇതിൻ്റെ ഭാഗമായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ എം. കെ. സ്റ്റാലിൻ്റെ വസതിയിലെത്തിയത്. മുംബൈയിൽ എൻസിപി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറുമായും ഇന്ന് നിർണായക കൂടിക്കാഴ്‌ച നടത്തും. 

കേരള മുഖ്യമന്ത്രി വി. ഡി. സതീശന്‍, കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, എസ്പിയുടെ രാജീവ് റായ്, ആർജെഡിയുടെ അഭയ് കുമാർ സിൻഹ, സുധാകർ സിങ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്. മുംബൈയിൽ നടക്കുന്ന ചർച്ചയിൽ ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെയും പങ്കെടുത്തേക്കും.

​പിന്തുണ പിൻവലിപ്പിക്കാൻ നീക്കം

പുതിയ ഡീലിമിറ്റേഷൻ നിർദേശങ്ങളെ ഡിഎംകെയും എൻസിപി-എസ്പിയും പിന്തുണച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ചകൾക്ക് പ്രാധാന്യം വർധിക്കുന്നത്. 22 ലോക്സഭാ എംപിമാരുള്ള ഡിഎംകെ, എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധനയെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ തമിഴ്നാടിൻ്റെ നിലവിലെ 7.18 ശതമാനം പ്രാതിനിധ്യം കുറയരുതെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് ലോക്സഭാ എംപിമാരുള്ള എൻസിപി- എസ്പിയും പുതിയ നിർദേശങ്ങളെ പിന്തുണയ്ക്കുന്നതായി സൂചന നൽകി. എന്നാൽ ശനിയാഴ്ച നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ പാർട്ടി പങ്കെടുത്തിരുന്നില്ല.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള കേന്ദ്രത്തിൻ്റെ ശ്രമങ്ങൾക്ക് ഡിഎംകെ, വൈഎസ്ആർസിപി, എൻസിപി-എസ്പി എന്നിവരുടെ പിന്തുണ സൂചന നൽകിയത് കരുത്തായി. ഇതോടെ ലോക്സഭയിൽ എൻഡിഎയുടെ കണക്ക് ഏകദേശം 354 എംപിമാരായി ഉയർന്നു. എന്നാൽ 540 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വേണ്ട 360 വോട്ടുകളിൽ നിന്ന് ഇപ്പോഴും കുറവാണ് ഈ കണക്ക്.

സ്റ്റാലിന്‍ സഹോദരനെന്ന് രാഹുല്‍ഗാന്ധി, കട്ടബൊമ്മന്മാരായാണ് വിധിക്കുകയെന്ന് സ്റ്റാലിന്‍

അനുനയ നീക്കങ്ങള്‍ക്കിടെ രാഹുല്‍ഗാന്ധി എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റും ശ്രദ്ധേയമായി. സ്റ്റാലിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും താനും എം. കെ. സ്റ്റാലിനെ കാണാനായി ചെന്നൈയിലേക്ക് പോവുകയാണെന്നു പറഞ്ഞു. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കണമെന്ന് അദ്ദേഹത്തോടും ഡിഎംകെയോടും അഭ്യർഥിക്കും.

സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും. തങ്ങൾക്ക് അനുകൂലമായി ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മുഴുവനായും മാറ്റിവരയ്ക്കാൻ ഇത് ബിജെപി- ആർഎസ്എസ് സഖ്യത്തിന് അനിയന്ത്രിതമായ ഇടം നൽകും.

​തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സഹോദരൻ സ്റ്റാലിൻ എപ്പോഴും ഒരു പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തിൻ്റെ താൽപ്പര്യാർഥവും, തമിഴ്‌നാടിൻ്റെ താൽപ്പര്യാർഥവും ഭരണഘടനയെ സംരക്ഷിക്കുന്നതിനായും നാം ഈ ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തേണ്ടതുണ്ട്- രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

അതേസമം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സ്റ്റാലിനും രംഗത്തെത്തി. സഹോദരന്‍ രാഹുല്‍ഗാന്ധി എന്ന് അഭിസംബോധന ചെയ്താണ് സ്റ്റാലിന്‍ എക്സിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. തമിഴ്നാടിൻ്റെയും ജനങ്ങളുടെയും താൽപ്പര്യം മുൻനിർത്തിയാണ് ഡിഎംകെ എപ്പോഴും എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്. "ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ ഡിഎംകെയുടെ ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് സഹോദരൻ @RahulGandhi ക്ക് എൻ്റെ ആത്മാർഥമായ നന്ദി. 

തമിഴ്നാടിൻ്റെയും നമ്മുടെ തമിഴ് ജനങ്ങളുടെയും താൽപ്പര്യങ്ങൾ ഏറ്റവും മുൻപിൽ നിർത്തിക്കൊണ്ടാണ് ഞങ്ങൾ എപ്പോഴും എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്," സ്റ്റാലിൻ എക്സിൽ കുറിച്ചു. "ഈ പാതയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല, ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ് വിധിക്കുകയെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ എംപി കനിമൊഴി രാവിലെ ഖാർഗെയെ കണ്ടുവെന്നും ബില്ലിനെ പിന്തുണയ്ക്കുന്നതിൻ്റെ കാരണം വിശദീകരിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനാലാണ് പിന്തുണയ്ക്കുന്നതെന്ന് ഡിഎംകെ നേതാവ് അറിയിച്ചതായും വൃത്തങ്ങൾ പറഞ്ഞു.

ശരിയായ തീരുമാനം ശരിയായ സമയത്ത് ഡിഎംകെ എടുക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

തമിഴ്നാടിൻ്റെ അവകാശങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത ശരിയായ തീരുമാനം ശരിയായ സമയത്ത് ഡിഎംകെ എടുക്കുമെന്ന് മുതിർന്ന നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞു..കോൺഗ്രസ് സംഘത്തിൻ്റെ വരവിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, സംസ്ഥാന പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി, "അവർ വരുന്നുണ്ടോ?" എന്ന് ചോദിച്ചു."അവർ വരുന്നുണ്ടോ? വരട്ടെ. വരരുതെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളിൽ നിന്നാണ് ഞാൻ ഇത് അറിയുന്നത്," എന്ന് അദ്ദേഹം തമാശ രൂപത്തിൽ പറഞ്ഞു."വരട്ടെ, വന്ന് കാണട്ടെ," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പിന്തുണയ്ക്കുന്നതിൽ പാർട്ടി പുനഃപരിശോധന നടത്തുമോ എന്ന ചോദ്യത്തിന്, സ്റ്റാലിൻ മാത്രമേ തീരുമാനമെടുക്കൂ എന്ന് ഉദയനിധി പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കുന്നതിൽ പാർട്ടി അധ്യക്ഷൻ, മുതിർന്ന നേതാക്കളായ കനിമൊഴി, എ. രാജ, തങ്കം തെന്നരശ് എന്നിവർ മതിയായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു."നമ്മുടെ സംസ്ഥാനത്തിൻ്റെ അവകാശങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യുന്ന ഒരു തീരുമാനവും നമ്മുടെ പാർട്ടി അധ്യക്ഷൻ എടുക്കില്ല. ശരിയായ തീരുമാനം ശരിയായ സമയത്ത് ഞങ്ങൾ എടുക്കും. വാസ്തവത്തിൽ, രാജ്യത്ത് ആദ്യം ഈ വിഷയം ഉന്നയിച്ചത് ഡിഎംകെയും നമ്മുടെ നേതാവുമാണ്," മുൻ ഡീലിമിറ്റേഷൻ നിർദേശത്തിനെതിരായ പാർട്ടിയുടെ എതിർപ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഡീലിമിറ്റേഷൻ വിഷയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "അദ്ദേഹം എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?" എന്ന് ഉദയനിധി മറുപടി നൽകി.

​‘ഇന്ത്യൻ ജനാധിപത്യം കൊലചെയ്യപ്പെടുന്നു’: രാഹുൽ ഗാന്ധി

"ഇന്ത്യൻ ജനാധിപത്യം കൊലചെയ്യപ്പെടുകയാണ്, ദയവായി ഉണരൂ" എന്നായിരുന്നു കോൺഗ്രസ് സഖ്യകക്ഷികളോടും എൻഡിഎ ഘടകകക്ഷികളോടും ബില്ലിനെ പിന്തുണയ്ക്കുന്നവരോടുമായി രാഹുൽ ഗാന്ധി ശനിയാഴ്ച വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തത്. ആരാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്നതെന്നും ആരാണ് അല്ലാത്തതെന്നും വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്ലിനെ പിന്തുണച്ചാലും ശരദ് പവാറിന്റെ പാർട്ടി ഇന്ത്യ മുന്നണിയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ​പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ താൽപ്പര്യങ്ങളെ ഹനിക്കുന്നതാണ് പുതിയ ബില്ലെന്നും, അധികാരം ശാശ്വതമായി കൈയടക്കി രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കാനുള്ള ബിജെപി- ആർഎസ്എസ് നീക്കമാണിതെന്നും ഇന്ത്യ മുന്നണി ആരോപിച്ചു.

​പ്രത്യേക പാർലമെൻ്റ് സമ്മേളനം നാളെ മുതൽ

തിങ്കളാഴ്‌ച (നവംബർ 30) ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ഭരണഘടനാ (132-ാം ഭേദഗതി) ബിൽ, 2026 പ്രകാരം പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കും. ഇതോടെ ലോക്‌സഭയിലെ പരമാവധി അംഗബലം 850 ആയി ഉയരും (സംസ്ഥാനങ്ങളിൽ നിന്ന് 815 പേരും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 പേരും). സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗബലം 500-ൽ നിന്ന് 650 ആയി ഉയർത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. പുതുക്കിയ സീറ്റ് വിഭജനവും മണ്ഡല അതിർത്തികളും 2051 വരെ മാറ്റമില്ലാതെ തുടരും. പ്രത്യേക സമ്മേളനത്തിനായി നവംബർ 30-ന് ലോക്‌സഭയും ഡിസംബർ 2-ന് രാജ്യസഭയും വീണ്ടും സമ്മേളിക്കും. ഡിസംബർ 3-നാണ് സമ്മേളനം സമാപിക്കുക.