ന്യൂഡല്‍ഹി: നവംബര്‍ 30ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസായാല്‍ രാജ്യത്തെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ് പുതിയ നിര്‍ദേശങ്ങള്‍. 2023 സെപ്റ്റംബറില്‍ പാര്‍ലമെന്റ് അംഗീകരിച്ച വനിതാ സംവരണ വ്യവസ്ഥ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനാണ് പുതിയ നീക്കം.
2023ലെ ഭരണഘടനയുടെ 106-ാം ഭേദഗതി നിയമപ്രകാരം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി നിയമസഭയിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ സെന്‍സസിലെ കണക്കുകള്‍ പ്രസിദ്ധീകരിച്ച ശേഷം മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് വനിതാ സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഈ നടപടികള്‍ വേഗത്തിലാക്കി വനിതാ സംവരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പുതിയ നിര്‍ദേശം ലക്ഷ്യമിടുന്നത്. ഇതിനായി മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ വേഗത്തിലാക്കുന്നതിനൊപ്പം ലോക്സഭയിലെ അംഗസംഖ്യ പരമാവധി 850 ആയി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. ബില്‍ പാസായി നടപ്പാക്കുകയാണെങ്കില്‍ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ വനിതാ എം പിമാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 49 ശതമാനം സ്ത്രീകളാണെങ്കിലും പാര്‍ലമെന്റിലെ അവരുടെ പ്രാതിനിധ്യം ഇപ്പോഴും പരിമിതമാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ ലോക്സഭയില്‍ വനിതാ അംഗങ്ങള്‍ ഏകദേശം 14 ശതമാനം മാത്രമാണ്.
1951-52ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 22 വനിതകളാണ് വിജയിച്ചത്. അന്ന് ആകെ അംഗങ്ങളുടെ ഏകദേശം അഞ്ച് ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍. പിന്നീട് വനിതാ പ്രാതിനിധ്യം ക്രമേണ വര്‍ധിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78 വനിതകള്‍ വിജയിച്ച് സഭയിലെ അംഗസംഖ്യയുടെ ഏകദേശം 15 ശതമാനമായി. എന്നാല്‍, 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 543 അംഗ ലോക്സഭയിലേക്ക് വിജയിച്ചെത്തിയത് 74 വനിതകള്‍ മാത്രമാണ്.
ദേശീയ പാര്‍ലമെന്റുകളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ആഗോള പട്ടികയിലും ഇന്ത്യയുടെ സ്ഥാനം പിന്നിലാണ്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐ പി യു) 2026 ഒക്ടോബറില്‍ പുറത്തുവിട്ട റാങ്കിങ്ങില്‍ ഇന്ത്യ 152-ാം സ്ഥാനത്താണ്. ലോക്സഭയിലെ വനിതാ അംഗങ്ങളുടെ വിഹിതം ഏകദേശം 14 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിന് പ്രധാന തടസ്സങ്ങളിലൊന്നായി സാമ്പത്തിക പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രചാരണം നടത്തുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്തുക സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് 2009ല്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ നടത്തിയ സര്‍വേയും ചൂണ്ടിക്കാട്ടിയിരുന്നു.
2024ലെ പൊതുതെരഞ്ഞെടുപ്പിലെ കണക്കുകളും ഈ വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച 279 വനിതകളില്‍ ഒരാള്‍ക്കുപോലും വിജയിക്കാനായില്ല.
2026 മാര്‍ച്ചില്‍ പുറത്തുവിട്ട എ ഡി ആര്‍ റിപ്പോര്‍ട്ടും രാജ്യത്തെ രാഷ്ട്രീയ പ്രാതിനിധ്യത്തിലെ ലിംഗപരമായ അന്തരം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളമുള്ള 4,666 എം പിമാരെയും എം എല്‍ എമാരെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 464 പേര്‍ മാത്രമാണ് വനിതകളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ ജനപ്രതിനിധികളുടെ ഏകദേശം 10 ശതമാനം മാത്രമാണ് സ്ത്രീകള്‍.
നിര്‍ദിഷ്ട ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടുകയാണെങ്കില്‍ ദേശീയ പാര്‍ലമെന്റുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ലിംഗസംവരണം നടപ്പാക്കിയ 130ലധികം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.
