'വിട്ടുവീഴ്ചയില്ല': മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന തള്ളി സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ ചെന്നൈയിലേക്ക്

'വിട്ടുവീഴ്ചയില്ല': മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന തള്ളി സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ ചെന്നൈയിലേക്ക്


ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മണ്ഡല പുനര്‍നിര്‍ണയ നടപടിക്കെതിരെ കോണ്‍ഗ്രസിനൊപ്പം നിലപാടെടുക്കണമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തള്ളി. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താത്പര്യങ്ങള്‍ക്കായിരിക്കും തന്റെ പാര്‍ട്ടി എക്കാലവും മുന്‍ഗണന നല്‍കുകയെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഡി എം കെ അധ്യക്ഷന്‍ വ്യക്തമാക്കി.

നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതികള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിനു പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ എക്കാലവും പാറപോലെ ഉറച്ചുനിന്ന നേതാവാണ് സ്റ്റാലിനെന്നും അദ്ദേഹം തന്റെ സഹോദരനെപ്പോലെയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.

ഇതിന് എക്സിലൂടെ മറുപടി നല്‍കിയ സ്റ്റാലിന്‍, ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ ഡി എം കെ വഹിച്ച ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചു.

'ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ ഡി എം കെ വഹിച്ച ചരിത്രപരമായ പങ്ക് അംഗീകരിച്ച സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ നന്ദി,' സ്റ്റാലിന്‍ കുറിച്ചു.

'തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താത്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ എല്ലാ തീരുമാനങ്ങളിലും എക്കാലവും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയ സ്റ്റാലിന്‍, 'ഈ വഴിയില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ചരിത്രം ഞങ്ങളെ കട്ടബൊമ്മന്മാരായിട്ടായിരിക്കും വിലയിരുത്തുകയെന്നും എട്ടപ്പന്മാരായിട്ടല്ലെന്നും എനിക്ക് ഉറപ്പുണ്ട്' എന്നും പ്രതികരിച്ചു.

അതേസമയം, പുതുക്കിയ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഡി എം കെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയില്‍ എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം.

നിര്‍ദിഷ്ട ഭരണഘടനയുടെ 132-ാം ഭേദഗതി ബില്‍, 2026-നെതിരെ ഡി എം കെ രംഗത്തുവരണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയര്‍ത്താനുള്ള നീക്കം രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

എക്സിലെ കുറിപ്പില്‍, ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ബി ജെ പി- ആര്‍ എസ് എസിന് അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തിന്റെ മുഴുവന്‍ തെരഞ്ഞെടുപ്പ് ഭൂപടവും പുനര്‍നിര്‍ണയിക്കാന്‍ പരിധിയില്ലാത്ത അവസരം നല്‍കുമെന്ന ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു.

പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ സഹോദരന്‍ സ്റ്റാലിന്‍ എക്കാലവും പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. ദേശീയ താത്പര്യവും തമിഴ്നാടിന്റെ താത്പര്യവും ഭരണഘടനയുടെ സംരക്ഷണവും മുന്‍നിര്‍ത്തി ഈ ബില്ലിനെ നമുക്ക് ഒരുമിച്ച് പരാജയപ്പെടുത്തണം,' രാഹുല്‍ ഗാന്ധി കുറിച്ചു.

കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായിരുന്ന ഡി എം കെ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയുമാണ്. എന്നാല്‍, തമിഴ്നാട്ടില്‍ നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദിഷ്ട നിയമനിര്‍മാണത്തിലെ പ്രധാന വ്യവസ്ഥ. ഇതോടൊപ്പം ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനും 2051 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കാനും നിര്‍ദേശമുണ്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഐക്യനിലപാട് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനുമിടയില്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടാകുമെന്നാണ് സൂചന.

മണ്ഡല പുനര്‍നിര്‍ണയവും ലോക്സഭയിലെ സീറ്റുകളുടെ വര്‍ധനയും സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് ഏകോപിപ്പിക്കുകയാണ് ചെന്നൈയിലെ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.