സ്‌പെയിനില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു; അധികാരം നിലനിര്‍ത്താന്‍ പെഡ്രോ സാഞ്ചസിന് കടുത്ത വെല്ലുവിളി

സ്‌പെയിനില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു; അധികാരം നിലനിര്‍ത്താന്‍ പെഡ്രോ സാഞ്ചസിന് കടുത്ത വെല്ലുവിളി


മാഡ്രിഡ്: സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച വോട്ടെടുപ്പ് ആരംഭിച്ചതോടെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ രാഷ്ട്രീയ ഭാവി നിര്‍ണായക ഘട്ടത്തിലേക്ക്. തുടര്‍ച്ചയായ എട്ടുവര്‍ഷത്തെ ഭരണത്തിനുശേഷം അധികാരം നിലനിര്‍ത്താന്‍ സാഞ്ചസ് വീണ്ടും ജനവിധി തേടുമ്പോള്‍ അഭിപ്രായ സര്‍വേകളില്‍ അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി യാഥാസ്ഥിതിക പ്രതിപക്ഷമായ പോപ്പുലര്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലാണ്.

ഞായറാഴ്ച രാവിലെ ഒമ്പതിന് പോളിങ് ആരംഭിച്ചതിനു പിന്നാലെ സാഞ്ചസ് വോട്ട് രേഖപ്പെടുത്തി. 11 മണിക്കൂര്‍ നീളുന്ന വോട്ടെടുപ്പില്‍ ഏകദേശം 3.86 കോടി വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. സ്‌പെയിനിന്റെ രാഷ്ട്രീയ ഭാവിക്കൊപ്പം സാഞ്ചസിന്റെ എട്ടുവര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയും തെരഞ്ഞെടുപ്പ് നിര്‍ണയിക്കും.

സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ആല്‍ബെര്‍ട്ടോ നൂനസ് ഫെയ്ഹൂ നയിക്കുന്ന വലതുപക്ഷ പോപ്പുലര്‍ പാര്‍ട്ടിയും (പി പി) തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍, ഇരു മുന്നണികളിലൊന്നും കേവല ഭൂരിപക്ഷം നേടുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നില്ല. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോപ്പുലര്‍ പാര്‍ട്ടിക്ക് തീവ്രവലതുപക്ഷ കക്ഷിയായ വോക്‌സിന്റെ പിന്തുണ തേടേണ്ടിവന്നേക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി പി- വോക്‌സ് സഖ്യം അധികാരത്തിലെത്താനുള്ള സാധ്യതയാണ് സാഞ്ചസ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. അത്തരമൊരു സഖ്യം അധികാരത്തിലെത്തിയാല്‍ സാമൂഹിക അവകാശങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളില്‍, വലിയ പിന്നോട്ടുപോക്കുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണകാലത്ത് ഇരകളാക്കപ്പെട്ടവരെ അംഗീകരിക്കുന്നതിനും അവരുടെ ഓര്‍മകള്‍ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്നും സാഞ്ചസ് ആരോപിച്ചു.

350 അംഗ പാര്‍ലമെന്റില്‍ 176 സീറ്റുകളെന്ന കേവല ഭൂരിപക്ഷം ഇടതുപക്ഷ കക്ഷികള്‍ക്ക് നേടിക്കൊടുക്കാന്‍ പുരോഗമന ചിന്താഗതിക്കാരായ വോട്ടര്‍മാരുടെയും നിലപാട് വ്യക്തമാക്കാത്തവരുടെയും ശക്തമായ പങ്കാളിത്തം അനിവാര്യമാണെന്നാണ് സാഞ്ചസിന്റെ കണക്കുകൂട്ടല്‍.

അതേസമയം, രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം കടുത്ത ധ്രുവീകരണത്തിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ ചേരിതിരിവ് മുമ്പത്തേക്കാള്‍ ശക്തമായതായി മാഡ്രിഡില്‍ എ എഫ് പിയോട് സംസാരിച്ച 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മാര്‍ട്ട റാമിറസ് ജിമെനെസ് പറഞ്ഞു.

സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും കാറ്റലന്‍ വിഘടനവാദികളുമായി ബന്ധപ്പെട്ട് ഭരണകൂടം നടത്തിയ ഒത്തുതീര്‍പ്പുകളും ബജറ്റ് പാസാക്കുന്നതിലെ പരാജയവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാഞ്ചസിനെതിരെ പ്രധാന ആയുധങ്ങളാക്കുകയാണ് പ്രതിപക്ഷ നേതാവ് ഫെയ്ഹൂ.

115 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അതിവേഗ ട്രെയിന്‍ അപകടങ്ങളും സര്‍ക്കാരിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്. കുടിയേറ്റവും തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറി.

സ്‌പെയിനിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കുടിയേറ്റക്കാര്‍ നിര്‍ണായക സംഭാവന നല്‍കുന്നുണ്ടെന്നാണ് സാഞ്ചസിന്റെ നിലപാട്. എന്നാല്‍, കുടിയേറ്റ നയത്തില്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിക്കണമെന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്നും വോക്‌സ് നേതാവ് സാന്റിയാഗോ അബാസ്‌കല്‍ ആവശ്യപ്പെടുന്നു.

ഭവനവിലയിലെ വര്‍ധനയും വീടുകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭിക്കാത്ത സാഹചര്യവും തെരഞ്ഞെടുപ്പില്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയിട്ടുണ്ട്. രാജ്യത്തെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരസ്പരം പഴിചാരുകയാണ് ഇരുവിഭാഗവും.

സ്‌പെയിനിലെ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിലുടനീളം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ നിര്‍ണയിക്കുന്നതിനൊപ്പം യൂറോപ്പിന്റെ വിശാലമായ രാഷ്ട്രീയ ഭൂപടത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.