ദുബായിൽ ചികിത്സയിലായിരുന്ന കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് തിരിക്കും

ദുബായിൽ ചികിത്സയിലായിരുന്ന കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് തിരിക്കും


തിരുവനന്തപുരം/കണ്ണൂര്‍: മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ, ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരനെ കുടുംബം സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് വാങ്ങി പുറത്തിറക്കി. ആശുപത്രി അധികൃതർ സ്വാഭാവികമായി ഡിസ്ചാർജ് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്വന്തം റിസ്കിൽ എഴുതി നൽകിയാണ് കുടുംബം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. ഇന്ന് രാത്രി തന്നെ സുധാകരൻ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.

​നേരത്തെ സുധാകരൻ്റെ ആരോഗ്യനിലയെയും ആശുപത്രി വാസത്തെയും ചൊല്ലി കുടുംബം ഗുരുതരമായ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. സുധാകരനെ ഐസിയുവിലേക്ക് മാറ്റിയതായും എന്നാൽ അദ്ദേഹത്തെ നേരിൽ കാണാൻ ആശുപത്രി അധികൃതർ അനുവദിക്കുന്നില്ലെന്നും ദുബായിൽ മാധ്യമങ്ങളോട് സംസാരിച്ച മകൻ സംജോഗ് സുധാകരനും മരുമകൻ അജിത് കുമാറും ആരോപിച്ചു. സുധാകരൻ മറ്റാരുടെയോ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.

​എന്നാൽ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. പിന്നാലെ മകൻ സംജോഗിന് ഐസിയുവിൽ പ്രവേശിച്ച് പിതാവിനെ കാണാൻ അനുമതി ലഭിച്ചു. സുധാകരന് പ്രകടമായ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ഡൽഹിയിലേക്ക് പോകാൻ അദ്ദേഹം സന്നദ്ധത അറിയിച്ചതായും മകൻ വ്യക്തമാക്കി. തിങ്കളാഴ്ച ബിൽ പാർലമെൻ്റിൽ വരാനിരിക്കെ എല്ലാ എംപിമാരുടെയും സാന്നിധ്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി സുധാകരനോട് രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

കുടുംബം പറയുന്നത്

ഈ മാസം 26-നാണ് പതിവ് വൈദ്യപരിശോധനയ്ക്കായി ദുബായിലേക്ക് പോയത്. 27-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാർ ആദ്യം 48 മണിക്കൂർ നിരീക്ഷണം നിർദേശിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകാമെന്നാണ് അറിയിച്ചിരുന്നതെന്ന് മകന്‍ സംജോഗ് പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും കെ. സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ടെന്നും പിതാവിൻ്റെ ഫോണിൽ നിന്ന് രാഹുൽ ഗാന്ധിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൺസൾട്ടേഷനായി മാത്രമാണ് ആദ്യം ആശുപത്രിയിൽ പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബം യുഎസിലേക്ക് പോകാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് അബുദാബിയിൽ ഇറങ്ങിയ ശേഷമാണ് ഡീലിമിറ്റേഷൻ ബില്ലിനെക്കുറിച്ചുള്ള പ്രഖ്യാപനവും വിജ്ഞാപനവും അറിഞ്ഞത്. തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

നവംബർ 27 വൈകിട്ട് തിരികെ യാത്ര ചെയ്യാൻ പദ്ധതിയിടുന്നതിനിടെയാണ് സുധാകരന് അസ്വസ്ഥത അനുഭവപ്പെട്ടത്. ന്യൂറോളജിക്കൽ പ്രശ്നമുള്ളതിനാലും യാത്ര ചെയ്യാനിരുന്നതിനാലും ന്യൂറോളജിക്കൽ ചികിത്സയിൽ വിദഗ്ധമായ ദുബായിലെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കുടുംബം തീരുമാനിച്ചു. എന്നാൽ പിന്നീട് കൺസൾട്ടേഷൻ അഡ്മിഷനായി മാറിയെന്ന് സംജോഗ് പറഞ്ഞു.

പരിശോധനകൾക്ക് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും 'എൻസെഫലോപ്പതി' (Encephalopathy) ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഐസിയുവിലേക്ക് മാറ്റുകയാണെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തലച്ചോറിനെയാണോ കരളിനെയാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് അറിയാനാണ് ഐസിയുവിലേക്ക് മാറ്റുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. തലേദിവസം റൂമിലുണ്ടായിരുന്ന സുധാകരനെ കുടുംബാംഗങ്ങൾ നേരിൽ കണ്ടിരുന്നതായും അതുവരെ വലിയ ആരോഗ്യപ്രശ്നങ്ങളുള്ളതായി ഡോക്ടർമാർ പറഞ്ഞിരുന്നില്ലെന്നും മകൻ ചൂണ്ടിക്കാട്ടുന്നു.

​എന്നാൽ ഐസിയുവിലേക്ക് മാറ്റിയ ശേഷം ഒപ്പമുള്ള ഭാര്യയെയോ മകനെയോ സുധാകരനെ കാണാൻ അനുവദിച്ചിട്ടില്ല. താൻ മാത്രം ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അണുബാധയുണ്ടെന്നും സന്ദർശകരെ അനുവദിക്കുന്നത് ആശുപത്രി നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പറഞ്ഞ് അധികൃതർ തടയുകയായിരുന്നുവെന്ന് സംജോഗ് ആരോപിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരോടും മറ്റും അന്വേഷിക്കുമ്പോൾ അങ്ങനെയൊരു രോഗി അവിടെയില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും, സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോകാൻ തയ്യാറായിട്ടും ആശുപത്രി അധികൃതർ അനുവദിക്കുന്നില്ലെന്നും മരുമകൻ അജിത് കുമാർ പറഞ്ഞു. സുധാകരൻ്റെ യാത്ര വൈകിപ്പിക്കാൻ ആരൊക്കെയോ ചേർന്ന് നിയന്ത്രിക്കുന്നതായാണ് തോന്നുന്നതെന്നും കുടുംബം ആരോപിച്ചു.

മകന്റെ ഉറപ്പിൽ സുധാകരനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ ക്ഷുഭിതനായെന്നും, ആശുപത്രി സെക്യൂരിറ്റിയെ വിളിച്ച് തങ്ങളെ പുറത്താക്കിയെന്നും സംജോഗ് ആരോപിച്ചു. സുധാകരന്റെ മടക്കയാത്ര വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുകയാണെന്നും, അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായും സംജോഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡോക്ടർക്ക് നിർദേശം നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്നും, സുധാകരനെ ഡിസ്ചാർജ് ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അമിത് ഷായുടെ ഓഫീസിൽ നിന്ന് വിളിച്ചെന്നും സുധാകരന് വേണ്ട ചികിത്സയും പരിചരണവും നൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.

ആശുപത്രിയിലെത്തിയ ഇൻകാസ് (INCAS) നേതാക്കളോടും സുധാകരന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് 'ബോസ്' വിളിച്ചു പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കിയിരുന്നു. ആരാണ് ബോസ് എന്ന് ചോദിച്ചപ്പോൾ അമിത് ഷാ വിളിച്ചിരുന്നെന്ന് ഡോക്ടർ പറഞ്ഞതായും, എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ പലയാളുകളും വിളിച്ചെന്ന് ഡോക്ടർ തിരുത്തിയതായും നേതാക്കൾ വെളിപ്പെടുത്തി. സുധാകരനെ ഡിസ്ചാർജ് ചെയ്യാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഇൻകാസ് നേതാവ് ഹാഷിക് തൈക്കണ്ടിയും പറഞ്ഞു.

​നാളെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ നിർണായകമായ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനിരിക്കെ, കെ. സുധാകരനെ ഡൽഹിയിൽ എത്തുന്നതിൽ നിന്ന് തടയാനാണ് ഈ നീക്കമെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. ആശുപത്രി അധികൃതർ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് പിന്നിൽ ബിജെപിയുടെ ഇടപെടലുണ്ടാകാമെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.