റാഞ്ചി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ ഉപാധികള്‍ വ്യക്തമാക്കി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം). ജാര്‍ഖണ്ഡിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെ എം എം എം എല്‍ എ ബസന്ത് സോറന്‍ ഞായറാഴ്ച വ്യക്തമാക്കി. എന്നാല്‍ ജനവിരുദ്ധവും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെങ്കില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരനാണ് ബസന്ത് സോറന്‍.
സംസ്ഥാനത്തെ ജനവികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു ബസന്ത് സോറന്‍.
'ബില്‍ നീതിപൂര്‍വവും ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍ക്ക് അനുകൂലവുമാണെങ്കില്‍ ഞങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കും. എന്നാല്‍ ജനവിരുദ്ധവും സംസ്ഥാനവിരുദ്ധവുമാണെങ്കില്‍ ശക്തമായും പൂര്‍ണമായും എതിര്‍ക്കും. ജനവികാരങ്ങള്‍ വെച്ചുള്ള കളിക്ക് ആരെയും അനുവദിക്കില്ല. ഞങ്ങള്‍ക്ക് ചില വ്യക്തമായ നിബന്ധനകളുണ്ട്. ഹേമന്ത് സോറന്‍ജി അവ നേരത്തേ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികാരങ്ങള്‍ അവഗണിച്ചാല്‍ സ്വാഭാവികമായും അതിന്റെ പ്രത്യാഘാതങ്ങള്‍ നല്ലതായിരിക്കില്ല,' ബസന്ത് സോറന്‍ പറഞ്ഞു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജെ എം എമ്മിന്റെ പ്രതികരണം. ബില്ലിനെ പരാജയപ്പെടുത്തിയാല്‍ തമിഴ്‌നാടിന് രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ സംരക്ഷണം പോലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്.
ചെന്നൈയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ഡി എം കെ നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ നേരത്തേ പാസാക്കിയ പ്രമേയവും ഈ വിഷയത്തില്‍ പാര്‍ട്ടി നടത്തുന്ന പോരാട്ടവും പ്രതിപക്ഷ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നീതിപൂര്‍വമായ മണ്ഡല പുനര്‍നിര്‍ണയം' എന്ന നിലപാടില്‍ ഡി എം കെ ഉറച്ചുനില്‍ക്കുകയാണെന്ന് പാര്‍ട്ടി സമൂഹമാധ്യമ കുറിപ്പിലും വ്യക്തമാക്കി.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിര്‍ണായക നിയമനിര്‍മാണങ്ങളാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.
തിങ്കളാഴ്ച ലോക്‌സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും സമ്മേളിക്കും. ഭരണഘടനയുടെ 132-ാം ഭേദഗതി ബില്‍, 2026, മണ്ഡല പുനര്‍നിര്‍ണയ (രണ്ടാം) ബില്‍, 2026 എന്നിവ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
ഇരു ബില്ലുകള്‍ക്കും വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
