ഡിസംബര്‍ 31 വരെ ജിദ്ദ, ദമാം, റിയാദ് സര്‍വീസുകളില്ല; എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ഡിസംബര്‍ 31 വരെ ജിദ്ദ, ദമാം, റിയാദ് സര്‍വീസുകളില്ല; എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. എക്‌സില്‍ പുറത്തിറക്കിയ യാത്രാ അറിയിപ്പിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ നവംബര്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന സര്‍വീസ് നിര്‍ത്തിവെക്കല്‍ ഒരു മാസം കൂടി നീട്ടുകയായിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഡിസംബര്‍ 31 വരെയുള്ള യാത്രയ്ക്കായി നവംബര്‍ 27-നോ അതിനു മുമ്പോ സ്ഥിരീകരിച്ച ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലഭ്യതയ്ക്ക് വിധേയമായി ഒരുതവണ സൗജന്യമായി യാത്രാ തിയ്യതി മാറ്റാം. അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരിച്ചു വാങ്ങാനുമാവും. 

യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ടിക്കറ്റ് മാറ്റം, റീഫണ്ട് തുടങ്ങിയ നടപടികള്‍ക്കുമായി എയര്‍ ഇന്ത്യയുടെ ഉപഭോക്തൃസേവന വിഭാഗവുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. ഇതിനായി +91 11 69329333, +91 11 69329999 എന്നീ നമ്പറുകളില്‍ വിളിക്കാം.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും എയര്‍ ഇന്ത്യയുടെ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. ജിദ്ദ, ദമാം, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ ഉണ്ടാകില്ലെന്ന് കോണ്‍സുലേറ്റ് എക്‌സിലെ അറിയിപ്പില്‍ വ്യക്തമാക്കി.

നവംബര്‍ 23-നാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഈ മൂന്ന് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെ നിര്‍ത്തിവെക്കുന്നതായി ആദ്യം അറിയിച്ചത്. അന്ന് പുറത്തിറക്കിയ അറിയിപ്പിലും അര്‍ഹരായ യാത്രക്കാര്‍ക്ക് ലഭ്യതയ്ക്കനുസരിച്ച് സൗജന്യമായി യാത്രാ തിയ്യതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരിച്ചുപറ്റാനോ അവസരം നല്‍കിയിരുന്നു.

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും സുരക്ഷാ ആശങ്കകളും പ്രാദേശിക വ്യോമഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണിയും നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും വിമാന സര്‍വീസുകള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

പുതിയ തീരുമാനത്തോടെ സൗദിയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഈ വര്‍ഷം അവസാനിക്കുന്നതുവരെ തടസ്സപ്പെടും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വിമാനക്കമ്പനിയുമായി സ്ഥിരീകരിക്കേണ്ടതാണ്.