ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. കേരളത്തിലെ വയനാട്, മഹാരാഷ്ട്രയിലെ നന്ദേദ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും.
രാവിലെ എട്ടു മുതലാണു വോട്ടെണ്ണല്‍. പത്ത് മണിയോടെ ഏകദേശ ഫലസൂചനകള്‍ വ്യക്തമാകും. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ ഡി എ സഖ്യത്തിനാണ് വിജയം പ്രവചിക്കുന്നതെങ്കിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എക്‌സിറ്റ്‌പോളുകള്‍ പിഴച്ചതിനാല്‍ മുന്നണികള്‍ കാര്യമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ഉത്തര്‍പ്രദേശ് 9, രാജസ്ഥാന്‍ 7, പശ്ചിമ ബംഗാള്‍ 6, അസം 5, പഞ്ചാബ് 4, ബിഹാര്‍ 4, കര്‍ണാടക 3, മധ്യപ്രദേശ് 2, കേരളം 2, ഛത്തിസ്ഗഡ് 1, ഗുജറാത്ത് 1, ഉത്തരാഖണ്ഡ് 1, മേഘാലയ 1 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്.
കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. വയനാടിന് പുറമേ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ഭരണവിരുദ്ധ വികാരവും സമകാലിക രാഷ്ട്രീയ വിവാദങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യു ഡി എഫ് പുലര്‍ത്തുന്നത്.