പാറ്റയെ പേടിച്ച് കേന്ദ്ര സര്‍ക്കാര്‍; കോക്രോച്ച് പാര്‍ട്ടിയുടെ വെബ്‌സൈറ്റ് പൂട്ടിച്ചു

പാറ്റയെ പേടിച്ച് കേന്ദ്ര സര്‍ക്കാര്‍; കോക്രോച്ച് പാര്‍ട്ടിയുടെ വെബ്‌സൈറ്റ് പൂട്ടിച്ചു


ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു. തങ്ങളുടെ വെബ്‌സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ച വിവരം സി ജെ പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയാണ് പങ്കുവെച്ചത്. തന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജീത് പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് പേജ് നേരത്തെ ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു.

സര്‍ക്കാര്‍ എന്തിനാണ് പാറ്റകളെ പേടിക്കുന്നതെന്നും സ്വേച്ഛാധിപത്യപരമായ ഈ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണു തുറപ്പിക്കുന്നുണ്ടെന്നും ഒരു മികച്ച ഭാവി ആവശ്യപ്പെട്ടു എന്നത് മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റമെന്നും കുറിച്ച അഭിജീത് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താലും ഈ പോരാട്ടത്തെ അവസാനിപ്പിക്കാനാവില്ലെന്നും അനീതിക്കെതിരേ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതോടെ പ്രക്ഷോഭ പാതയിലാണ് സി ജെ പി. നീറ്റ് യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാണ് സി ജെ പിയുടെ ആവശ്യം. ഇതിനായുള്ള പെറ്റീഷനില്‍ ആറ് ലക്ഷം പേരാണ് ഒപ്പുവച്ചത്.