ഇറാനുമായി ധാരണയ്ക്ക് സാധ്യത; യുദ്ധം അവസാനിപ്പിക്കുന്ന കരാര്‍ ഉടുണ്ടായേക്കാമെന്ന് മാര്‍ക്കോ റൂബിയോ

ഇറാനുമായി ധാരണയ്ക്ക് സാധ്യത; യുദ്ധം അവസാനിപ്പിക്കുന്ന കരാര്‍ ഉടുണ്ടായേക്കാമെന്ന് മാര്‍ക്കോ റൂബിയോ


വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാന്‍ ധാരണയ്ക്ക് തയ്യാറാകാനുള്ള സാധ്യതയുണ്ടെന്നും ഉടന്‍ തന്നെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കാമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഇന്ന് വൈകിട്ടോ, നാളെയോ, അല്ലെങ്കില്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളിലോ തങ്ങള്‍ക്ക് നല്ല വാര്‍ത്ത പറയാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് റൂബിയോ പറഞ്ഞു.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും നിലവില്‍ പോലും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാന്‍ പാടില്ലെന്നത് പ്രസിഡന്റ് വ്യക്തമാക്കിയ നിലപാടാണെന്നും സമുദ്രമാര്‍ഗങ്ങള്‍ തടസമില്ലാതെ തുറന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ഇറാന്‍ കൈമാറേണ്ടതുണ്ടെന്നും യുറേനിയം സമ്പുഷ്ടീകരണ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്നും അതിനായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും റൂബിയോ വിശദീകരിച്ചു.

അതേസമയം, അമേരിക്കയുമായി ധാരണയിലെത്തുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തില്‍ ആണെന്ന് ഇറാനും അറിയിച്ചു. ഇറാനിയന്‍ സ്റ്റേറ്റ് ടി വിയുടെ റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച ചര്‍ച്ചകളില്‍ ധാരണാപത്രത്തിലെത്തിയിട്ടുണ്ടെന്നും ഇനി അമേരിക്കയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഇല്‍ബാഖി പറഞ്ഞത് ധാരണയിലെത്തുന്നതില്‍ വളരെ അകലെയും അതേസമയം വളരെ അടുത്തുമാണ് നിലവിലെ സാഹചര്യമെന്നാണ്. ധാരണാപത്രത്തില്‍ 30 ദിവസവും 60 ദിവസവും ഉള്‍പ്പെടുന്ന സമയപരിധികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, ഇന്ത്യ- അമേരിക്ക ബന്ധത്തെയും റൂബിയോ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും സ്വാഭാവിക പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.