മോഡിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ക്ഷണം കൈമാറി മാര്‍ക്കോ റൂബിയോ

മോഡിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ക്ഷണം കൈമാറി മാര്‍ക്കോ റൂബിയോ


ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ട്രംപിന്റെ പേരില്‍ ക്ഷണം കൈമാറിയത്.

ഇന്ത്യാ സന്ദര്‍ശനത്തിനായി നാല് ദിവസത്തെ പര്യടനത്തിനെത്തിയ റൂബിയോ ശനിയാഴ്ച ന്യൂഡല്‍ഹിയിലെ സേവാ തീര്‍ഥില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, വ്യാപാരം, പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സിലെ പോസ്റ്റിലൂടെയാണ് വൈറ്റ് ഹൗസ് സന്ദര്‍ശന ക്ഷണം സ്ഥിരീകരിച്ചത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ പ്രധാനമന്ത്രി മോഡിയെ സമീപഭാവിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്ഷണിച്ചു എന്നാണ് ഗോര്‍ എക്സില്‍ കുറിച്ചത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി മോഡിയും എക്സില്‍ പ്രതികരിച്ചു. ഇന്ത്യ- അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തില്‍ സ്ഥിരമായ പുരോഗതി കൈവരിക്കുന്നതിനെക്കുറിച്ചും പ്രാദേശിക- ആഗോള സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മോഡി വ്യക്തമാക്കി.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും  ഇന്ത്യ- അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതിയും പ്രാദേശിക- ആഗോള സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തതായും ആഗോള നന്മയ്ക്കായി ഇന്ത്യയും അമേരിക്കയും അടുത്ത സഹകരണം തുടരുമെന്നും മോഡി എക്സില്‍ കുറിച്ചു.

മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ പ്രാധാന്യം റൂബിയോയും എടുത്തുപറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ സാഹചര്യം, ഊര്‍ജ മേഖല, നിര്‍ണായക വിതരണ ശൃംഖലകളുടെ സുരക്ഷ, നവസാങ്കേതിക വിദ്യകളിലെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ- അമേരിക്ക ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും മധ്യപൂര്‍വേഷ്യയിലെ സാഹചര്യം, ഊര്‍ജ മേഖലയില്‍ പങ്കാളിത്തം, നിര്‍ണായക വിതരണ ശൃംഖലകളുടെ സുരക്ഷ, പുതിയ സാങ്കേതിക വിദ്യകളിലെ സഹകരണം എന്നിവ ചര്‍ച്ച ചെയ്തുവെന്നും പ്രസിഡന്റിന്റെ പേരില്‍ പ്രധാനമന്ത്രി മോഡിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റൂബിയോ എക്സില്‍ കുറിച്ചു.