ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണ സാധ്യത: ട്രംപിന്റെ പരിപാടികൾ റദ്ദാക്കി; സൈനിക നീക്കങ്ങൾ ചർച്ചയായി

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണ സാധ്യത: ട്രംപിന്റെ പരിപാടികൾ റദ്ദാക്കി; സൈനിക നീക്കങ്ങൾ ചർച്ചയായി


വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കാനൊരുങ്ങുകയാണോയെന്ന ചർച്ച ശക്തമാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂജഴ്‌സിയിലുണ്ടായിരുന്ന വാരാന്ത്യ പരിപാടികൾ റദ്ദാക്കി അടിയന്തരമായി വാഷിങ്ടണിലേക്ക് മടങ്ങിയതും നിരവധി അമേരിക്കൻ സൈനിക- ഇന്റലിജൻസ് ഉദ്യോഗസ്ഥർ മെമ്മോറിയൽ ഡേ അവധി റദ്ദാക്കിയതുമാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.


സർക്കാരുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും അമേരിക്കയോടുള്ള തന്റെ പ്രതിബദ്ധതയും പരിഗണിച്ച് നിർണായക ഘട്ടത്തിൽ വാഷിങ്ടണിലെ വൈറ്റ് ഹൗസിൽ തുടരുന്നതാണ് ഉചിതമെന്ന് താൻ കരുതുന്നതെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിൽ അറിയിച്ചു.


മെയ് 20ന് അമേരിക്ക ഇറാന് കൈമാറിയ അന്തിമ നിർദേശം ഇറാൻ അംഗീകരിക്കാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യത അമേരിക്ക ഗൗരവമായി പരിഗണിക്കുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.


മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന്റെയും ഇറാന്റെ തിരിച്ചടിയെന്ന ആശങ്കയുടെയും പശ്ചാത്തലത്തിൽ വിദേശ താവളങ്ങളിലെ സൈനികരെ തിരിച്ചുവിളിക്കാനുള്ള നടപടികൾ പ്രതിരോധ- ഇന്റലിജൻസ് വിഭാഗങ്ങൾ ആരംഭിച്ചതായി സി ബി എസ് റിപ്പോർട്ടിൽ പറയുന്നു.


വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി സി ബി എസിനോട് പ്രതികരിക്കവെ ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ പാടില്ലെന്നും സമ്പുഷ്ടീകരിച്ച യൂറേനിയം നിലനിർത്താനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശദമാക്കി.


ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാനേയിയും മറ്റ് പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


ഏപ്രിൽ 8 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇടയ്ക്കിടെ ചെറു ആക്രമണങ്ങൾ തുടരുന്നതിനാൽ സ്ഥിതി അതീവ സംഘർഷഭരിതമായി തുടരുകയാണ്.