ബീജിംഗ്: വടക്കൻ ഷാൻസി പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ വൻ സ്ഫോടനത്തിൽ കുറഞ്ഞത് 82 തൊഴിലാളികൾ മരിച്ചു. ഒമ്പത് പേരെ കണ്ടെത്താനായിട്ടില്ലെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷാൻസി പ്രവിശ്യയിലെ ടോംഗ്‌ഷൗ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി വ്യാപകമായ രക്ഷാപ്രവർത്തനം തുടരുകയാണ്. അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കാണാതായ തൊഴിലാളികളുടെ നില ഇതുവരെ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പരിക്കേറ്റവർക്കുള്ള ചികിത്സയ്ക്കും രക്ഷാപ്രവർത്തനങ്ങൾക്കും പരമാവധി ശ്രമം നടത്തണമെന്ന് നിർദേശം നൽകി. അപകടകാരണം വിശദമായി അന്വേഷിക്കാനും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയതായും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
