തിരുവനന്തപുരം: നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം' നടത്തിയ ഗൺമാൻ അടക്കം അഞ്ച് പോലീസുകാരും പ്രതികളെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം. ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, എസ്കോർട്ടിലുണ്ടായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് പ്രതികൾ.
സി.സി ടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും അടക്കം ശേഖരിച്ചതിന് ശേഷമാണ് എസി.ഐ.ടി ഇടക്കാല റിപ്പോർട്ട് നൽകിയത്. എന്നാൽ, അഞ്ച് പേർക്കെതിരേയും ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. തുടരന്വേഷണത്തിന് ശേഷമാകും വകുപ്പുകൾ പ്രകാരം കുറ്റംചുമത്തി റിപ്പോർട്ട് നൽകുക. അതേസമയം, ഈ അഞ്ച് പേർക്കുമെതിരേ വകുപ്പുതല നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.
ലോക്കൽ പോലീസ് തടഞ്ഞുവെച്ചിട്ടും പിണറായി വിജയന്റെ ഗൺമാൻമാർ വാഹനത്തിൽ നിന്നിറങ്ങി ലാത്തികൊണ്ട് യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ചട്ടലംഘനമുണ്ടായിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ പ്രവർത്തിയാണുണ്ടായതെന്നും പോലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': ഗൺമാൻ അടക്കം അഞ്ച് പോലീസുകാർ പ്രതികൾ, എസ്.ഐ.ടി റിപ്പോർട്ട് കോടതിയിൽ
