ന്യൂഡൽഹി: നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൽക്കത്തയിൽ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു. കഴിഞ്ഞ 14 വർഷത്തിനിടെ ഒരു അമേരിക്കൻ നയതന്ത്രജ്ഞൻ കോൽക്കത്ത സന്ദർശിച്ചതെന്നതിലുപരി മാർക്കോ റൂബിയോയുടെ മദർ ഹൗസ് സന്ദർശനം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിനൊപ്പം മാനുഷിക മൂല്യങ്ങളുടെ പങ്കിനും പ്രധാന്യം നൽകുന്നതാണ് മദർ ഹൗസ് സന്ദർശനമെന്ന് റൂബിയോയ്ക്കൊപ്പം ഉണ്ടായിരുന്ന ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോർ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തമായ നയങ്ങൾ മാത്രമല്ല, ശരിയായ മൂല്യങ്ങളിലും അതിർത്തി കടന്നുള്ള നിസ്വാർത്ഥ സേവനങ്ങളിലും അധിഷ്ഠിതമാണെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മാർക്കോ റൂബിയോ, 22നാണ് ഡൽഹിയിൽ വിമാനമിറങ്ങിയത്. കോൽക്കത്തയ്ക്ക് പിന്നാലെ ആഗ്ര, ജയ്പൂർ തുടങ്ങിയ നഗരങ്ങളും സന്ദർശിക്കും.
മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്ദർശിച്ച് മാർക്കോ റൂബിയോ
