ഹൈക്കോടതിയും കൈവിട്ടു; മരുമകളുടെ മരണത്തിൽ മുൻ ജില്ലാ ജഡ്ജി അറസ്റ്റിൽ

ഹൈക്കോടതിയും കൈവിട്ടു; മരുമകളുടെ മരണത്തിൽ മുൻ ജില്ലാ ജഡ്ജി അറസ്റ്റിൽ


ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിൽ ഭർതൃമാതാവും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിം​ഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഗിരിബാലയുടെ മുൻകൂർ ജാമ്യം മദ്ധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിം​ഗിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സി.ബി.ഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഗിരിബാല സിം​ഗിനും മകനും അഭിഭാഷകനുമായ സമര്‍ഥ് സിം​ഗിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15ന് ഭോപ്പാലിലെ സെഷന്‍സ് കോടതി ഗിരിബാല സിം​ഗിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സമര്‍ഥ് സിം​ഗ് നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ്.

മകൾ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കും ഇരയായിരുന്നതായി അമ്മ രേഖാ ശർമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചിരുന്നു. താൻ ഈ ദാമ്പത്യത്തിൽ കുടുങ്ങിപ്പോയതായി ത്വിഷ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ട്വിഷയെ ഭർത്താവിന്‍റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും മ‍ർദ്ദിച്ചരുന്നതായും കുടുംബം ആരോപിച്ചു. യുവതിയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും, ഒരാഴ്ച മുമ്പ് ട്വിഷ ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്മോർട്ടത്തിൽ പെോലീസിന് ലഭിച്ചിരുന്നു. ‌ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസിൽനിന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തത്.