ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിനും പുനർമൂല്യനിർണ്ണയ പോർട്ടലിനും പിന്നാലെയുണ്ടായ സാങ്കേതിക തകരാറുകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷാ ഫലത്തിൽ ചില അപാകതകൾ സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നുവെന്നും അടിയന്തിരമായി തിരുത്തൽ നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷ ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ നടപടികൾ ബോർഡ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിവാദത്തിലായ ഒൺ-സ്‌ക്രീൻ മാർക്കിംഗ് സാങ്കേതികവിദ്യയുടെ സുരക്ഷയും പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഐ.ഐ.ടി കാൺപൂർ, ഐ.ഐ.ടി മദ്രാസ് എന്നീ രാജ്യത്തെ പ്രമുഖ ഏജൻസികളെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സി.ബി.എസ്.ഇ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിദ്യാർത്ഥിയുടെ പോലും സംശയങ്ങളോ പരാതികളോ പരിഹരിക്കപ്പെടാതെ ബാക്കി വെയ്ക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എല്ലാ തലങ്ങളിലും കൃത്യമായ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുമെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇത്തവണ ഏകദേശം 17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആകെ 98 ലക്ഷത്തോളം ഉത്തരക്കടലാസുകളിലായി 40 കോടി സ്കാൻ ചെയ്ത പേജുകളാണ് മൂല്യനിർണ്ണയം നടത്തിയത്.
സുതാര്യതയും വിദ്യാർത്ഥി കേന്ദ്രീകൃത പരിഷ്കാരങ്ങളും ലക്ഷ്യമിട്ടാണ് സിബിഎസ്ഇ ചരിത്രത്തിലാദ്യമായി ഇത്തരമൊരു ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനം അവതരിപ്പിച്ചത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ നേരിട്ട് കണ്ട് മാർക്കുകൾ പരിശോധിക്കാനും പരാതികൾ ഉന്നയിക്കാനും സാധിക്കും. ഇതുവരെ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ തങ്ങളുടെ 11 ലക്ഷത്തോളം വരുന്ന ഉത്തരക്കടലാസുകൾ ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഒൺ-സ്‌ക്രീൻ മാർക്കിംഗ് സംവിധാനം വലിയ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. പുനർമൂല്യനിർണ്ണയ പ്രക്രിയയ്ക്കിടെ പോർട്ടൽ തുടർച്ചയായി ക്രാഷായതും വലിയ തുകകൾ നഷ്ടപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതിനിടെ, സി.ബി.എസ്.ഇ അപ്‌ലോഡ് ചെയ്ത സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ വിവാദം അതീവ ഗുരുതരാവസ്ഥയിലായി. ഡിജിറ്റൽ സംവിധാനത്തിൽ ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയെന്ന ആശങ്കയും ഉയർത്തി.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: വീഴ്ച സമ്മതിച്ച് കേന്ദ്രമന്ത്രി
