ട്രംപിനും ഡെമോക്രാറ്റുകൾക്കും ഒരേ ഇഷ്ടം; ടെക്‌സസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി കെൻ പാക്‌സ്ടൺ

ട്രംപിനും ഡെമോക്രാറ്റുകൾക്കും ഒരേ ഇഷ്ടം; ടെക്‌സസിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി കെൻ പാക്‌സ്ടൺ


വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ അപൂർവമായി മാത്രമേ ഒരേ കാര്യത്തിൽ റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റുകളും ഒരുമിക്കാറുള്ളു. എന്നാൽ ടെക്‌സസ് സെനറ്റ് തിരഞ്ഞെടുപ്പിൽ അത്തരമൊരു രാഷ്ട്രീയ കൗതുകമാണ് അരങ്ങേറിയത്. റിപ്പബ്ലിക്കൻ പ്രൈമറി റൺഓഫിൽ നിലവിലെ സെനറ്റർ ജോൺ കോർണിയെ തോൽപ്പിച്ച് ടെക്‌സസ് അറ്റോർണി ജനറൽ കെൻ പാക്‌സ്ടൺ സ്ഥാനാർഥിയായതോടെ ഇരുവിഭാഗവും തൃപ്തരായെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ വിലയിരുത്തൽ.

ട്രംപിന് ഇത് തന്റെ മാഗാ രാഷ്ട്രീയാധിപത്യത്തിന്റെ മറ്റൊരു വിജയമായി മാറി. അവസാന നിമിഷം നൽകിയ പിന്തുണ പാക്‌സ്ടണിന് നിർണായകമായി. ഇൻഡിയാന, ലൂസിയാന, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപ് പിന്തുണച്ച സ്ഥാനാർഥികൾ നേടിയ വിജയങ്ങൾക്ക് പിന്നാലെയാണ് ടെക്‌സസിലും ഈ നേട്ടം.

അതേസമയം, പാക്‌സ്ടണെ പോലുള്ള വിവാദ നേതാവിനെ നേരിടുന്നത് ഡെമോക്രാറ്റുകൾക്ക് രാഷ്ട്രീയ അവസരമാകാമെന്ന കണക്കുകൂട്ടലും ശക്തമാണ്. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ കോട്ടയായ ടെക്‌സസിൽ ഇത്തവണ മത്സരമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകൾ. പാർട്ടിയുടെ സാധ്യതാ സ്ഥാനാർഥിയായി ജയിംസ് ടലാരികോയുടെ പേരും ഉയർന്നുകേൾക്കുന്നു.

അഴിമതി ആരോപണങ്ങളും രാഷ്ട്രീയ വിവാദങ്ങളും നേരത്തെ തന്നെ പാക്‌സ്ടണിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നെങ്കിലും ട്രംപ് അനുകൂല വോട്ടർമാരിൽ നിന്ന്  അദ്ദേഹത്തിന് ശക്തമായ പിന്തുണ ലഭിച്ചു. അതേസമയം, ഇതേ വിവാദങ്ങൾ പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ആയുധമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.